"ചിത്രങ്ങളിലൂടെ അട്ടപ്പാടിയെ അറിഞ്ഞ് ചുരം കയറാം"; എമുത്തു അട്ടപ്പാടി പദ്ധതിക്ക് തുടക്കമായി

മണ്ണാർക്കാട്: അട്ടപ്പാടിയുടെ തനത് സംസ്കാരവും ഗോത്രപൈതൃകവും അനാവരണം ചെയ്യുന്ന ചുമർചിത്രങ്ങളും പരിസ്ഥിതി സംബന്ധമായ ആശയങ്ങളും ചിത്രീകരിച്ച്‌ ചുരം റോഡ് മനോഹരമാക്കാൻ തീരുമാനിച്ച്‌ വനംവകുപ്പ്. റോഡിലെ എട്ട് പ്രധാന ചുമരുകള്‍, പാറകള്‍ കണ്ടെത്തി അട്ടപ്പാടിയുടെയും സൈലന്‍റ് വാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെയും ജൈവ പ്രാധാന്യവും സംസ്കാരവും വിളിച്ചോതുന്ന ചുമർ ചിത്രങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചത്.

അട്ടപ്പാടി ചുരം റോഡില്‍ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അട്ടപ്പാടിയെക്കുറിച്ചും ഈ പ്രദേശത്തിന്‍റെ ജൈവ പ്രാധാന്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതും അമൂല്യമായ ജൈവസമ്പത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുക എന്നുള്ളതുമാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി ഒരു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സി. അബ്ദുള്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് അഷറഫ്, ആർട്ടിസ്റ്റ് പ്രമോദ് പള്ളിയില്‍, ഉണ്ണി വരദം, പാലക്കാട് സ്വാമി, മുകുന്ദൻ മന്പാട്, മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, കാട്ടുതീ പ്രതിരോധ സേന അംഗങ്ങൾ എന്നിവർ നേതൃത്വം നല്‍കി.

Previous Post Next Post

نموذج الاتصال