മണ്ണാർക്കാട് നഗരം ക്യാമറ സുരക്ഷാ വലയത്തിൽ

മണ്ണാർക്കാട് : മണ്ണാർക്കാട് നഗരം സമ്പൂർണ സിസിടിവി നിരീക്ഷണത്തിൽ. ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ പാലം  മുതൽ കുന്തിപ്പുഴ പാലം വരെയുള്ള 46 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ലഹരി ഉപയോഗവും കൈമാറ്റവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക് നിയമലംഘനങ്ങൾ, മാലിന്യംതള്ളുന്നത് പിടികൂടുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  കരാറെടുത്ത കോഴിക്കോടുള്ള ഇൻഫോസെക് ഇൻഫ്രാ എന്ന കമ്പനി ഒരു മാസം മുൻപാണ് ഇതിന്റെ പ്രവർത്തനങ്ങളാരംഭിച്ചത്. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ നഗരസഭയ്ക്കും മണ്ണാർക്കാട് പോലീസിലും ഒരുപോലെ ലഭ്യമാകും. ഇതിനായി രണ്ടിടത്തും മോണിറ്റർ സ്ഥാപിക്കൽ, മൂന്നിടങ്ങളിൽ തൂണുകൾ സ്ഥാപിക്കൽ, കേബിൾ വലിക്കൽ, വൈദ്യുതിക്കുവേണ്ടിയുള്ള സംവിധാനമൊരുക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി. തുടർന്നാണ് ക്യാമറകൾ സ്ഥാപിച്ചുതുടങ്ങിയത്. 65 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പൊതുമരാമത്ത് ഇലക്‌ട്രോണിക്സ് വിഭാഗത്തിനാണ് നിർവഹണച്ചുമതല. 


ഒരുവർഷം മുൻപ് മണ്ണാർക്കാട് നഗരസഭ വിഭാവനംചെയ്ത പദ്ധതി സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ആശുപത്രിപ്പടി, പോലീസ് സ്റ്റേഷൻ, കോടതിപ്പടി എന്നിവിടങ്ങളിൽ തൂണുകൾ സ്ഥാപിച്ചും മറ്റു ഭാഗങ്ങളിൽ തെരുവുവിളക്ക് തൂണുകളിലുമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകൾ വിദേശത്തുനിന്ന് എത്തുന്നതിന് കാലതാമസം നേരിട്ടിരുന്നു
കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങൾക്ക് സമീപം സ്ഥാപിക്കുന്ന ക്യാമറകൾക്ക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയും. ഇതുൾപ്പെടെ ആകെ 46 ക്യാമറകളാണ് നഗരപരിധിയിൽ വരുന്നത്. ഇതിനകം 33 എണ്ണം സ്ഥാപിച്ചുകഴിഞ്ഞതായി കരാർ കമ്പനി പ്രതിനിധി അറിയിച്ചു. ഉയരവിളക്കുകളുടെ തൂണുകളിൽനിന്നാണ് വൈദ്യുതി ഉപയോഗിക്കുക. രണ്ടാംഘട്ടമായി ഉൾപ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു 
Previous Post Next Post

نموذج الاتصال