മണ്ണാർക്കാട്: മണ്ണാർക്കാട് പോത്തൊഴിക്കാവ് കടവിൽ ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമാകുന്നതായി നാട്ടുകാരുടെ പരാതി. ഈ ഭാഗത്ത് പാതിരാത്രിയിലും നിരവധി ബൈക്കുകൾ എത്തുന്നതായി നാട്ടുകാർ പറയുന്നു. ചില ദിവസങ്ങളിൽ ഇരുപതോളം ബൈക്കുകൾ വരെ ഇവിടെ കാണപ്പെടാറുണ്ടെന്നും ഇവ പ്രദേശവാസികളുടെ വാഹനങ്ങളല്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാട്ടുകാർ ചില യുവാക്കൾക്ക് താക്കീത് നൽകിയപ്പോൾ അത് സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.. ഇപ്പോൾ വീണ്ടും പാതിരാത്രിയിൽ അപരിചിതർ എത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
മണ്ണാർക്കാടിനെ ലഹരി വിമുക്തമാക്കുന്നതിനായി പ്രവർത്തിക്കുന്ന ‘മൂവ്’ സംഘടനയുടെ ഭാരവാഹിയും പ്രദേശവാസിയുമായ പ്രശോഭ് കുന്നിയാരത്ത് ഈ പ്രശ്നത്തിൽ അധികൃതർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം രൂക്ഷമായിരിക്കുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിൽ നടപടി സ്വീകരിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചന്നും അദ്ദേഹം പറഞ്ഞു. രാത്രികാലങ്ങളിൽ പ്രദേശത്ത് പൊലീസ് പെട്രോളിങ്ങും നിരീക്ഷണവും ശക്തിപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാർ കാലങ്ങളായി ഉന്നയിച്ചുവരുന്നു. ഉദ്യോഗസ്ഥർ ഇത് ഗൗരവത്തോടെ പരിഗണിക്കണമെന്നും നിയമനടപടികൾ വഴി ലഹരി മാഫിയയുടെ പ്രവർത്തനം അടിച്ചമർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags
mannarkkad