അട്ടപ്പാടി: നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. താവളം കുറവൻകണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്.
നവംബർ 20 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറയിൽ ഗർഭിണിയായ ഇവർ ചികിത്സ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇവരെ നവംബർ 22ന് വൈകുന്നേരം അഞ്ച് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിൽ എത്തിയ ശേഷം ഇവരുടെ കുട്ടിയെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു കുഞ്ഞ്. അമ്മ തുളസി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ അമ്മയും മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടു നൽകും.