തെങ്കര: തത്തേങ്ങലത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ ചേറുംകുളം തത്തേങ്ങലം പാതയില്‍ കല്‍ക്കടി ഭാഗത്ത് വനംവകുപ്പിന്റെ ജണ്ടയ്ക്ക് മുകളില്‍ പുലി നില്‍ക്കുന്നതായാണ് നാട്ടുകാര്‍ കണ്ടത്. ബഹളം വെച്ചതോടെ സമീപത്തെ പൊന്തക്കാടിലേക്ക് പുലി മറഞ്ഞെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനിടെ പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
വീണ്ടും രാത്രിയില്‍ പുലിയെത്തിയതോടെ തത്തേങ്ങലം ഗ്രാമത്തിന്റെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു മാസത്തോളമായി പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. ഇത്രയും നാളുകള്‍ക്കിടയില്‍ രാപ്പകല്‍ ഭേദമന്യേ പലയിടങ്ങളിലായി നാട്ടുകാര്‍ പുലിയെ കണ്ടിട്ടുണ്ട്. നാലു മാസം മുമ്പ് കല്‍ക്കടി ഭാഗത്ത് പുലിയിറങ്ങി ആടിനെ പിടി കൂടുകയും ഇതേ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു. എന്നാല്‍ കെണി സ്ഥാപിക്കുന്നതിനോ മറ്റോ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. ആടുകളേയും വളര്‍ത്തുനായ്ക്കളേയും വേട്ടയാടി പുലി നാട്ടില്‍ വിഹരിക്കുമ്പോഴും വന്യജീവിയെ പിടികൂടി ജനങ്ങള്‍ക്ക് സൈര്യജീവിതം ഉറപ്പാക്കാനുള്ള നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തത് ജനരോഷമിളക്കി വിടുകയാണ്.
തെങ്കര പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടാന പുലി ഉള്‍പ്പടെയുള്ള വന്യജീവി ശല്ല്യത്തിന് പരിഹാരം കാണണമെന്ന് മാസങ്ങളായി ഗ്രാമവാസികള്‍ മുറവിളി കൂട്ടുന്നുണ്ട്. നാട്ടുകാരും ജനപ്രതിനിധികളും നിവേദനങ്ങളും നല്‍കിയിരുന്നു.ഏറ്റവും ഒടുവില്‍ ജനകീയ കമ്മിറ്റി കഴഞ്ഞ ദിവസം ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കിയിരുന്നു. എത്രയും വേഗം പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിന് വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ആവശ്യപ്പെട്ടു.