തച്ചനാട്ടുകര: അമ്പത്തിയഞ്ചാം മൈലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചേലാക്കോടൻ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കഴിഞ്ഞ അഞ്ചാം തീയ്യതിയാണ് ആസിഫിനെ കാണാതായത്. തുടർന്ന് നടന്ന വ്യാപക അന്വേഷണത്തിനൊടുവിൽ ഏഴാം തീയ്യതി ഏവരേയും വേദനിപ്പിച്ചു കൊണ്ടാണ് ആസിഫിന്റെ മരണവാർത്തയെത്തുന്നത്. വീടിന് സമീപത്തെ കിണറ്റിൽനിന്ന് മരിച്ച നിലയിലാണ് ആസിഫിനെ കണ്ടെത്തിയത്.
സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ഒരു പ്രശ്നവും ഇല്ലാത്ത ആസിഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും പിതാവ് ചേലാക്കോടൻ നാസർ, വാർഡ് അംഗം നാണിപ്പു എന്നിവർ ആവശ്യപ്പെട്ടു. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കോട്ടോപ്പാടം പഞ്ചായത്ത് അംഗം അബൂബക്കർ നാലകത്ത് മുഖ്യ രക്ഷാധികാരിയായും തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം സലീം, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡൻറ് അക്കര ജസീന, എ.കെ മുസ്തഫ മൊയ്തീൻ മുസ്‌ലിയാർ, മൊയ്തുപ്പു പുലാക്കൽ, മുസ്തഫ അഷ്റഫു കക്കുപ്പടി, മുഹമ്മദാലി മുസ്‌ലിയാർ തച്ചനാട്ടുകര പഞ്ചായത്ത് അംഗങ്ങളായ സി.പി സുബൈർ, ഇ.എം നവാസ്, താഴെക്കോട് പഞ്ചായത്ത് അംഗം വി.പി റഷീദ്, അമീൻ പാലോട്, സി.ആർ രാമൻകുട്ടി എന്നിവർ അംഗങ്ങളുമായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
