മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭാ കൗൺസിലർ സമീർ വേളക്കാടനെ അജ്ഞാത സംഘം മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി മർദ്ദിച്ചതായാണ് പരാതിയുള്ളത്. സമീർ വേളക്കാടൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു.
ബൈക്കിൽ സമീറിനെ തേടിയെത്തിയ രണ്ടുപേർ മണ്ണാർക്കാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഷഫീഖ് റഹ്മാന് സുഖമില്ലെന്നും വേഗം എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് ആ ബൈക്കിൽ തന്നെ സമീർ വേളക്കാടൻ ഷഫീഖ് റഹ്മാൻ്റെ വീട്ടിലേക്ക് പുറപ്പെടുകയും, കൊടുവാളിക്കുണ്ടിൽ നിന്നും ബസ്സ്റ്റാൻ്റ് എത്തുന്നതിനു മുൻപ് മറ്റു രണ്ടു പേർ ബൈക്കിൽ വരികയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് സമീർ നൽകിയ പരാതിയിൽ ഉള്ളത്. ഇവരെ മുൻ പരിചയമില്ലെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരെന്ന് മനസിലായില്ലെന്നും, ഇനി കണ്ടാൽ തിരിച്ചറിയാനാവുമെന്നും സമീർ പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മണ്ണാർക്കാട് സി ഐ പി അജിത്കുമാർ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ സമീർ വേളക്കാടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്
