മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്.
ബസിന്റെ മുൻചക്രം കയറി ഇറങ്ങി തലക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു .
മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥിയാണ്. ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂർ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്.
കാളികാവ് കോഴിക്കോട് റൂട്ടിലോടുന്ന ബസ് ബസ് സ്റ്റാന്റിലെ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ലെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. നിതിൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
