ചെർപ്പുളശ്ശേരിയിൽ നിന്നൊരു സെലിബ്രിറ്റി 'സൽമാൻ'

പാലക്കാട്: സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവർക്കും സുപരിചിതനാണ് സൽമാൻ, സൽമാൻ അഭിനയിക്കുന്ന റീലുകൾ കാണുന്നത് ലക്ഷങ്ങളാണ്.

സൽമാൻ കുറ്റിക്കോട് എന്ന 32 കാരൻ സെലിബ്രിറ്റിയായി ഉയർന്നതിന് പിറകിൽ ആത്മാർത്ഥ സൗഹൃദത്തിന്റെ കഥയുണ്ട്.  ജന്മനാ വൈകല്യമുള്ള  സൽമാനെ കൂട്ടത്തിൽ നിന്ന് അകറ്റാതെ  കട്ടക്ക് കൂടെ നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്. ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുകരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്‌ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയാണ് ഇപ്പോൾ.

ഇപ്പോൾ ഫുട്‌ബോൾ ടർഫുകളിലും കടകളിലും മറ്റും ഉദ്ഘാടകനായാണ് സൽമാനെത്തുന്നത്. കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. കൂടെ ഒരു കുറിപ്പും '' മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാന്, എനിക്ക് സൽമാനെയും അതുപോലെ തന്നെ''.

നാട്ടിൽ നിന്ന് ടൂർ പോകുമ്പോഴും കളി കാണാൻ പോകുമ്പോഴുമെല്ലാം സൽമാനെ  കൂടെ കൂട്ടുന്ന ഒരു വലിയ സൗഹൃദവലയത്തിന്റെ നന്മയാണ് സൽമാൻ ഇന്ന് കാണുന്ന സൽമാൻ ആയി മാറിയതിന് പിറകിൽ. ഒരു സാഹചര്യത്തിലും സൽമാനെ അവർ മാറ്റി നിർത്തിയിട്ടില്ല. നാട്ടുകാർ പറയുമ്പോലെ സൽമാൻ കളിക്കാത്ത ടീമില്ല. ഭാഗ്യതാരത്തിന് ജെഴ്‌സി സമ്മാനിച്ച് കളത്തിലിറക്കിയവരാണ് പല പ്രമുഖ സെവൻസ് ടീമുകളും. ഇനി ദുബൈയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഈ മിടുക്കൻ. വൈകല്യത്തെ മനോധൈര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കുറ്റിക്കോട് പാറപ്പുറം വീട്ടിൽ മമ്മുട്ടി-ഫാത്തിമ ദമ്പതികളുടെ മകൻ സൽമാൻ കുറ്റിക്കോട്.
Previous Post Next Post

نموذج الاتصال