ദേശീയപാത നവീകരണം പാതിവഴിയിലായിട്ട് മൂന്ന് വർഷം; യാത്രാ ദുരിതത്തിൽ വലഞ്ഞ് ജനം

മണ്ണാർക്കാട്:  നഗരത്തിൽ കോടതിപ്പടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ  ഗതാഗതക്കുരുക്കുള്ള ഭാഗമായ എം ഇ എസ് കല്ലടി കോളേജ് ഭാഗത്ത് പൊതു ജനം യാത്രാ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെ ദിനേനെയെന്നോണം അപകടങ്ങളും പതിവാണ്.  ദേശീയ പാത നവീകരണം പാതിവഴിയിൽ നിന്നതാണ് വിനയായത്.  മൂന്ന് വർഷത്തിലധികമായി കോഴിക്കോട് - പാലക്കാട് ദേശീയപാത  എം.ഇ.എസ്. കോളേജിന്റെ പരിസരത്ത് പകുതി റോഡ് പൊളിച്ചിട്ടിട്ട്. പൊളിച്ചിട്ട ഭാഗം വളവിന് ശേഷമായതിനാൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന ഈ റോഡിനെക്കുറിച്ചറിയാത്തവർ അപകടത്തിൽ പെടുന്നതും പതിവാണ്. 

 എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂൾ, കല്ലടി സ്‌കൂൾ എം.ഇ.എസ്. കല്ലടി കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരികയും പോവുകയും ചെയ്യുന്ന 5000ത്തിലധികം  വിദ്യാർഥികളും  നരകയാതനയാണ് അനുഭവിക്കുന്നത്. വ്യാപാരികളും നാട്ടുകാരും വളരെ ബുദ്ധിമുട്ടിലാണ്. രാവിലേയും, വൈകീട്ടും ഈ ഭാഗത്ത് മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് പതിവ് കാഴ്ചയാണ്.  രണ്ടുവരിയിൽ പോകേണ്ട വാഹനങ്ങൾ ഒറ്റവരിയിലായി പോകുന്നതുകൊണ്ട്  കോഴിക്കോട് ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും പോകേണ്ടവർക്കായി കോളേജിന് സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ ബസ് നിർത്തിയാൽ പിറകിലുള്ള വാഹനങ്ങളും നിർത്തേണ്ടി വരുന്നതും ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു  
ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണ്‌ റോഡിന്റെ വീതി കൂട്ടുന്നതിനും കയറ്റിറക്കം നിരപ്പാക്കുന്നതിനും വേണ്ടി കോളേജ് പരിസരത്തെ പകുതി റോഡ് പൊളിച്ചത്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ പകുതിയിലധികം നടപടിക്രമങ്ങൾ പൂർത്തിയായിട്ടുമുണ്ട്.  നവീകരണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കണമെന്നാണ്  ജനങ്ങളുടെ ആവശ്യം
Previous Post Next Post

نموذج الاتصال