മണ്ണാർക്കാട്: അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള യാത്രക്ക് ഗതാഗത വിലക്കേർപ്പെടുത്തി തമിഴ്നാട്. അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഇത് മൂലം കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ പ്രതിസന്ധിലായി.
തമിഴ്നാടിന്റെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും, KSEB ഉദ്യോഗസ്ഥർക്കും, പ്രദേശവാസികൾക്കും മാത്രമാണ് നിലവിൽ ഈ റോഡിലൂടെ യാത്രക്ക് അനുമതി നൽകുന്നത്. ചൂട് കൂടുതലുള്ള സമയമായതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലായതിനാലാണ് നിയന്ത്രണം എന്നാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്. വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാ വിലക്കില്ലെന്നുമാണ് വിശദീകരണം
വാഹനം തടഞ്ഞുവെച്ചതിനെ തുടർന്ന് ധാരാളം യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.