അട്ടപ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അട്ടപ്പാടി പാലൂർ ദോടുഗട്ടി ആദിവാസി ഊരിലെ ഈശ്വരൻ്റെ ഭാര്യ രാധ(27)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. രാത്രി പന്ത്രണ്ടരയോടെ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിലായിരുന്നു രാധക്ക് സുഖ പ്രസവം.
പ്രസവവേദന കലശലായതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സഹായം തേടിയതിനെ തുടർന്ന് കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിൻ്റോ ജോസ്, പൈലറ്റ്, കെ. എം ലിനേഷ് എന്നിവർ ഊരിലെത്തുകയും ജിൻ്റോ ജോസ് നടത്തിയ പ്രാഥമിക പരിശോധനയിൽ രാധയുടെ കണ്ടീഷൻ മോശമാണെന്ന് കണ്ടെത്തുകയും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയുമായിരുന്നു. പക്ഷേ ചീരകടവ് എത്തുമ്പോഴേക്കും രാധയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ജിൻ്റോ ജോസ് ആംബുലൻസിൽ പ്രസവത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഞായറാഴ്ച പുലർച്ചെ ജിൻ്റോയുടെ പരിചരണത്തിൽ രാധ കുഞ്ഞിന് ജന്മം നൽകി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇറിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈശ്വരൻ രാധ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.