മണ്ണാർക്കാട്: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയെ പൊലീസ് തിരിച്ചറിഞ്ഞു. യഹിയ എന്നയാളാണ് അക്രമി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മലപ്പുറം ആക്കപ്പറമ്പിലെ വഴിയരികിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അഗളി വാക്യത്തൊടി അബ്ദുൽ ജലീൽ (42) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് കേസിലെ പ്രധാനപ്രതിയായ യഹിയ ആണെന്നും ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ കസ്‍റ്റഡിയിൽ ഉള്ളതായും പൊലീസ് അറിയിച്ചു.
കാണാതായി നാലാം ദിവസമാണ് ജലീലിനെ വെട്ടേറ്റ പരുക്കുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് വെന്റിലേറ്ററിലായിരുന്ന ജലീൽ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പൊലീസിൽ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാൾ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്കമുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ അറിയിച്ചതായി വീട്ടുകാർ പറയുന്നു.
ജലീലിന്റെ മരണത്തില്‍ കൂടുതല്‍ ദുരൂഹത മറനീക്കി പുറത്തുവരാനുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജലീലിന്റെ തലച്ചോറിനും വൃക്കകള്‍ക്കും ഹൃദയത്തിനും മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
വാർത്തയുടെ വിശദാംശത്തിന് ഇതിൽ ക്ലിക്ക് ചെയ്യുക 👇