സ്‌ഫോടക വസ്തു കടത്ത്: തമിഴ്‌നാട് സ്വദേശി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍

മണ്ണാര്‍ക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് സ്‌ഫോടക വസ്തു കടത്തിയ കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ അഞ്ച് വര്‍ഷത്തിന് ശേഷം മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി. ധര്‍മപുരി, ഹരുര്‍, ഒടസല്‍പട്ടി, അച്ചല്‍വടി സ്വദേശി മുരുകേശനാണ് (48) അറസ്റ്റിലായത്. 2017 ഒക്ടോബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. അമ്പത് കിലോ വരുന്ന അമ്പത് ചാക്ക് അമോണിയം നൈട്രേറ്റാണ് മിനി ലോറിയില്‍ ചെടിച്ചട്ടി, തെങ്ങിന്‍തൈ ലോഡിനുള്ളില്‍ ഒളിപ്പിച്ച് മണ്ണാര്‍ക്കാട് വഴി കടത്തിയത്. വാഹനം അന്നത്തെ മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട്  സുനില്‍കുമാര്‍, അബ്ദുല്‍ കരീം, മഹേന്ദ്രന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സേലത്ത് നിന്നും വാഹനം വാളയാര്‍ വരെ എത്തിച്ചത് മുരുകേശനായിരുന്നു.ഇതിന് ശേഷം ഇയാള്‍ ഫോണും മറ്റുമൊന്നും ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി, മണ്ണാര്‍ക്കാട് ഡിവൈഎസ്പി,സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് സേലത്ത് നിന്നും മുരുകേശനെ എസ് ഐ സുരേഷ് ബാബു,സിപിഒമാരായ ഷഫീഖ്,ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال