മണ്ണാർക്കാട്: തെരുവ് നായ ശല്ല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് മണ്ണാർക്കാട് നഗരം. ഇന്ന് ഒരാൾക്ക് കടിയേറ്റു. വടക്കേ മഠം വീട്ടിൽ അനിൽ ബാബുവിനാണ് നായയുടെ കടിയേറ്റത്. മറ്റു രണ്ടു പേർക്ക് നേരെ തെരുവ് നായയുടെ ആക്രമണ ശ്രമമുണ്ടായതായും പറയപ്പെടുന്നു. മണ്ണാർക്കാട് നേഴ്സിങ്ങ് ഹോമിന് സമീപത്ത് വെച്ചാണ് അനിൽ ബാബുവിന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇദ്ധേഹത്തിന് നേരെ നായ്ക്കൾ കുരച്ച് ചാടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് വീണ അനിൽ ബാബുവിനെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കൈക്ക് സാരമായി കടിയേറ്റ ഇദ്ധേഹത്തെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ കുത്തിവപ്പിന് സൗകര്യമില്ലാത്തതിനെ തുടർന്ന്
പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമണ സ്വഭാവം കാണിക്കുന്നത് കാൽനട യാത്രികർക്കും , ഇരുചക്ര വാഹനയാത്രികർക്കും, വിദ്യാർത്ഥികൾക്കും ഭീഷണിയായി മാറുന്നുണ്ട്. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വിടുന്ന പ്രവർത്തനം കുറച്ച് നാളുകളായി മുടങ്ങിയിരിക്കുകയാണ്. നഗരസഭക്ക് നേരിട്ട് ഇത് കൈകാര്യം ചെയ്യാനാവില്ലെന്നും ജില്ലാ പഞ്ചായത്താണ് ഇത് നടപ്പാക്കുന്നതെന്നും പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ ഇടപെടാൻ ജില്ലാ പഞ്ചായത്തധികൃതർ തയ്യാറാവുന്നില്ല എന്നുമാണ് നഗരസഭ അധികൃതർ പറയുന്നത്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് സൗകര്യമില്ലാത്തതിനാൽ, നായയുടെ കടിയേറ്റാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യവുമാണ് നിലവിൽ. ഈ രണ്ടു വിഷയങ്ങളിലും അടിയന്തിര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.