പാലക്കാട്∙ അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ വിനായകന് മർദനമേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കാവുണ്ടിക്കൽ ഇരട്ടക്കുളത്തുള്ള ഫാം ഹൌസിൽ വച്ചു പ്രതികൾ നന്ദകിഷോറിനെ മർദ്ദിച്ചത്. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ ചെർപ്പുളശ്ശേരി സ്വദേശിയും മൂന്ന് പേർ അട്ടപ്പാടി സ്വദേശികളുമാണ്.
തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിനായകൻ അട്ടപ്പാടി സ്വദേശികളിൽ നിന്ന് പണം വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരനെന്നും പൊലീസ് പറയുന്നു. തോക്ക് നൽകാത്തത് അന്വേഷിക്കാൻ ഇരുവരെയും വിളിച്ചുവരുത്തുകയും പിന്നീട് വാക്ക് തർക്കമുണ്ടാകുകയും അത് നന്ദകിഷോറിന്‍റെ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മർദ്ദനമേറ്റ് അവശ നിലയിലായ നന്ദകിഷോറിനെ പ്രതികൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ നന്ദകിഷോർ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. മർദ്ദനത്തിൽ ഗുരുതര പരിക്ക് പറ്റിയ വിനയൻ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.