മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വേനലില്‍ കുന്തിപ്പുഴയിലെ ജലനിരപ്പ് താഴന്നതിന് പിന്നാലെ കുടിവെള്ള പൈപ്പുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡ് നവീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ ഇടയായെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ മാത്രമാണ് പലയിടങ്ങളിലും കുടിവെള്ളമെത്തിയിരുന്നത്. മാസങ്ങളായി വിതരണത്തിലെ താളപ്പിഴകള്‍ ഉപഭോക്താക്കളെ വലച്ചു.
കുടിവെള്ള വിതരണം കാര്യക്ഷമമല്ലാതിരിക്കെ വിതരണം ചെയ്യാത്ത കുടിവെള്ളത്തിന് ബില്ല് ഈടാക്കിയതായും ആക്ഷേപമുയര്‍ന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസിഎന്‍ ചാനല്‍ മണ്ണാര്‍ക്കാട് ലേഖകന്‍ അര്‍ഷാദിനെതിരെ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ലേഖകനെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ടായി. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിയും രംഗത്തെത്തി. എടുക്കാത്ത വെള്ളത്തിന് ഗ്രാമ പഞ്ചായത്ത് ബില്ല് നല്‍കിയിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി. ലേഖകനെതിരായ വിഷയത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതാക്കളും ഇടപെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ജലവിതരണം തുടങ്ങിയെങ്കിലും പലയിടങ്ങളിലും പൈപ്പ് പൊട്ടിയതും പ്രശ്‌നത്തിനിടയാക്കി.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഇങ്ങിനെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ന് ഡിവൈഎഫ്‌ഐ പഞ്ചായത്തിലേക്ക് മാര്‍ച്ചുമായെത്തിയത്. കുടിവെള്ള വിതരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഭീഷണി കൊണ്ട് നേരിടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. കുടിവെള്ളം വിതരണം ചെയ്യാതിരിക്കുകയും വിതരണം ചെയ്യാത്ത കുടിവെള്ളത്തിന് ബില്ല് ഈടാക്കുകയും ചെയ്യുന്ന ഭരണസമിതിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായും ഡിവൈഎഫ്‌ഐ ആരോപിച്ചു.
ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അന്‍ഷാദ് അധ്യക്ഷനായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഐലക്കര മുഹമ്മദാലി, ഷാനൂബ്, അനൂപ്, ജമാല്‍, അഖില്‍, സിദ്ധി, ലിജിന്‍, സുധീഷ്, വിഘ്‌നേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കുക, അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.