മണ്ണാർക്കാട്: വൈശാഖ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ മാല മോഷ്ടിച്ച പ്രതിയെ മണ്ണാർക്കാട് പോലീസ് അതിവിദഗ്ദമായി പിടികൂടി. സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയായ ബഷീർ ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം, ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരു വയസ്സ് പ്രായമുള്ള കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷണം പോയത്. തുടർന്ന് പോലീസെത്തി സിസിടീവി ദൃശ്യങ്ങൾ അടക്കമുള്ളവ എടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായ രീതിയിൽ കണ്ട ബഷീറിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയും അയാളുടെ ലൊക്കേഷൻ ട്രേസ് ചെയ്ത് ആളെ കണ്ടെത്തുകയും, തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. മണ്ണാർക്കാട് പോലീസ് ക്രൈം സ്കോഡ് അംഗങ്ങളായ റമീസ്, മുബാറക് അലി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു