മൂന്ന് താരങ്ങൾക്ക് പനി; ബ്രസീൽ ക്യാമ്പിൽ ആശങ്ക

ഖത്തർ: ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി ആയതാണ് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർ പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ പരിശീലനത്തിനിറങ്ങിയില്ല. സെർബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം നെയ്‌മറും റൈറ്റ് ബാക്ക് ഡാനിലോയും ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. 

നെയ്‌മർക്കൊപ്പം ഈ താരങ്ങൾക്ക് കൂടി ഇന്ന് കളത്തിലിറങ്ങാൻ കഴിയാതെ വന്നാൽ അത് ബ്രസീലിന് കനത്ത തിരിച്ചടിയാവും.
സെർബിയക്കെതിരെ ആധികാരിക ജയം നേടിയെത്തുന്ന ബ്രസീൽ ജയം തുടരാൻ തന്നെയാവും ഇന്ന് ഇറങ്ങുക. വളരെ മികച്ച താരങ്ങളാണ് ബ്രസീലിനായി ബെഞ്ചിൽ ഇരിക്കുന്നത്. സെർബിയക്കെതിരെ അവസാന 20 മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി ടിറ്റെ കാണിച്ച മാജിക്ക് തന്നെയാണ് ബ്രസീലിൻ്റെ കരുത്ത്. നെയ്‌മർ കളിച്ചില്ലെങ്കിൽ പിഎസ്ജി താരം ഫ്രെഡ് ടീമിലെത്തിയേക്കും. റൈറ്റ് ബാക്ക് ഡാനിലോയും പരുക്കേറ്റ് പുറത്താണ്. ഇത് ഡാനി ആൽവസിനു വഴിയൊരുക്കും. അലിസണു പകരം എഡേഴ്സണും കളിച്ചേക്കും.

Post a Comment

Previous Post Next Post