തിരുവനന്തപുരം: സ്കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞു നിർത്തി അപരിചിതനായ ഒരാൾ പദാർത്ഥം നിർബന്ധിച്ചു നൽകി കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ നന്ദു എന്ന ആറാം ക്ലാസുകാരൻ ഒന്നു ഭയന്നു. പക്ഷേ അത് കഴിക്കാതെ അവിടെ നിന്ന് ഓടി നേരെ സ്കൂളിലെത്തി അവൻ അധ്യാപികയോട് വിവരം പറഞ്ഞു. പള്ളിക്കൂടത്തിൽ നിന്നു പകർന്നുകിട്ടിയ ലഹരിവിരുദ്ധ പാഠങ്ങളാണ് അവനു ധൈര്യം പകർന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിൽ പോലീസ് തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ ആ മിടുക്കനെ കാണാനും അഭിനന്ദിക്കാനും നിയമപാലകർ സ്കൂളിലുമെത്തി. പനയ്ക്കോട് വി.കെ.കാണി ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന മുതിയൻകാവ് സ്വദേശികളായ ഷിജുവിന്റെയും ദീപയുടേയും മകനായ നന്ദു എസ്. എന്ന മിടുക്കനാണ് 'യോദ്ധാവ് ' എന്ന ആശയം പ്രാവർത്തികമാക്കിയത്
നന്ദുവിന്റെ പ്രവൃത്തിയെ അഭിനന്ദിക്കാൻ കഴിഞ്ഞ ദിവസമാണ് ആര്യനാട് പോലീസ് സ്കൂളിലെത്തിയത്. സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ വെച്ച് സബ് ഇൻസ്പെക്ടർ ഷീന, നന്ദുവിന് ഉപഹാരം നൽകി. പ്രഥമാധ്യാപിക അനിതകുമാരി, പി.ടി.എ.പ്രസിഡൻറ് കെ.ജെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു