തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് കൊരട്ടിയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കവെ, ട്രെയിനിൽനിന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചു കൊരട്ടി സ്വദേശികളായ കൃഷ്ണ കുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് വരവെ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.
എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിൽനിന്ന് വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് ഇരുവരും വീണത്. ഇവർക്ക് കൊരട്ടിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കൊരട്ടിയങ്ങാടിയിൽ സ്റ്റോപ്പില്ല. ട്രെയിൻ അൽപം വേഗം കുറച്ചപ്പോൾ ഇവർ ചാടിയിറങ്ങുകയായിരുന്നെന്നാണ് കരുതുന്നത്.
മംഗളൂരു എക്സ്പ്രസും അമൃത എക്സ്പ്രസുമാണ് ഈ സമത്ത് കൊരട്ടിവഴി തൃശൂർ ഭാഗത്തേക്ക് പോയിരുന്നത്. ഇതിൽ ഏത് ട്രെയിനിലാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമല്ല. ചാടിയിറങ്ങിയപ്പോൾ തലയടിച്ച് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിദ്യാർഥികളായ കൃഷ്ണ കുമാറും സഞ്ജയിയും ബന്ധുക്കളാണ്.