നേരംപോക്കിനായി തുടങ്ങി, പിന്നീട് അഡിക്ടായി, ഒടുവിൽ ആത്മഹത്യ; വഴിയാധാരമായത് ഗിരീഷിന്റെ ഭാര്യയും കുഞ്ഞുങ്ങളും

പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ റമ്മി കളിയിലുണ്ടായ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ.  കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓൺലൈൻ റമ്മിയിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. കളിമൂലമുണ്ടായ കടങ്ങൾ പലപ്പോഴായി സഹോദരങ്ങളും ഭാര്യവീട്ടുകാരും ഇടപെട്ട് തീർത്തിരുന്നു. പത്തുദിവസമായി ജോലിക്ക് പോകാതെ പനങ്ങാട്ടിരിയിലെ വീട്ടിൽ കഴിയുമ്പോൾ, പണം നഷ്ടപ്പെട്ടതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ബന്ധുക്കൾ പറയുന്നു. തുടർന്ന്, ഭാര്യ വിശാഖയും രണ്ടുകുട്ടികളും തൃശ്ശൂർ മാടക്കത്തറയിലെ അവരുടെ വീട്ടിലേക്ക് പോയി. അതോടെ, യുവാവ് വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

18 ലക്ഷത്തോളം രൂപയാണ് റമ്മിക്കളിയിലൂടെ കുടുംബത്തിന് നഷ്ടമായെന്ന് മരിച്ച ഗിരീഷിന്റെ ഭാര്യ വൈശാഖ പറഞ്ഞു. പല തവണ ഗിരീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായും യുവതി പറഞ്ഞു. എന്നാല്‍ അതൊന്നും ഗൗരവമായി എടുത്തിരുന്നില്ലെന്നും ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വൈശാഖ പറഞ്ഞു. കളിക്കാന്‍ പണം കിട്ടാനായി ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും വൈശാഖ പറഞ്ഞു.

പലപ്പോഴായി യുവതി അറിയാതെയാണ് ആഭരണങ്ങള്‍ എടുത്ത് വിറ്റ് കൡക്കാനായുള്ള പണം കണ്ടെത്തിയിരുന്നത്. കൂടാതെ മദ്യപാനവും പതിവാക്കിയിരുന്നു എന്നും യുവതി പറയുന്നു. അതോടെ കടം പെരുകുകയായിരുന്നു. പിന്നീട് റമ്മി കളി നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മര്‍ദ്ദനവും തുടങ്ങി . ഒടുവില്‍ കടംകയറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു. രണ്ട് മക്കളാണ് ഗിരീഷ്, വൈശാഖ ദമ്പതികള്‍ക്ക് ഉളളത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Previous Post Next Post

نموذج الاتصال