മണ്ണാർക്കാട്: ദേശീയപാത കരിമ്പ തുപ്പനാട് പുതിയ പാലത്തിന് സമീപം ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിഡ്രൈവർക്ക് ഗുരുതരപരിക്ക്. തൃശ്ശൂർ സ്വദേശി ജിത്തുവിനാണ് (32) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന 16 ചക്രമുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുപ്പനാട് പുതിയ പാലം കഴിഞ്ഞു വളവ് തിരിഞ്ഞു പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് സമീപത്തെ കുഞ്ഞുമുഹമ്മദ് എന്നയാളുടെ വീടിന് വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ കല്ലടിക്കോട് സ്വദേശി മുജീബിനെ ആദ്യം തച്ചമ്പാറ സ്വകാര്യ ഹോസ്പിറ്റലിലും, ശേഷം ഇ എം എസ് ഹോസ്പിറ്റലിലും പ്രവശിപ്പിച്ചു
വീഡിയോ കാണാം👇
അപകടത്തിൽ കാൽ ലോറിക്കുള്ളിൽ കുടുങ്ങിയതിനാൽ ലോറിഡ്രൈവർ ലോറിക്കകത്ത് അകപ്പെട്ടു. ഇദ്ധേഹത്തെ രക്ഷിക്കാൻ ആദ്യം രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് വാഹനം ഉയർത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ലോറിയുടെ വശം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്താണ് അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുക്കാനായത്.
65 ടൺ സിമൻറ് മിക്സ് ലോഡുള്ള വാഹനമായതിനാൽ രക്ഷാ പ്രവർത്തനം തീർത്തും ദുഷ്ക്കരമായിരുന്നു. മണ്ണാർക്കാട്, പാലക്കാട്, കോങ്ങാട് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനസേനയും കല്ലടിക്കോട് ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു.