അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി നാളെ

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതി നാളെ വിധി പറയും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണ ആരംഭിക്കുമ്പോള്‍  122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനു ശേഷം അഞ്ച് സാക്ഷികളെകൂടി  ചേര്‍ത്തതോടെ  127 സാക്ഷികളായി മാറി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.24പേര്‍ കൂറു മാറി. രണ്ടു പേര്‍ മരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരുന്ന എം.രമേശന്‍, മധുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ അട്ടപ്പാടി ട്രൈബല്‍ തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, കൂടാതെ വിവിധ ടെലഫോണ്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ മൂന്ന് പേരെയുമാണ് സാക്ഷി പട്ടികയില്‍ ചേര്‍ത്ത് വിസ്തരിച്ചത്. 

മധു കേസില്‍ വിചാരണ തുടങ്ങിയ ശേഷം പ്രൊസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്പെഷ്യല്‍ പബ്ലിക്  പ്രോസിക്യൂട്ടര്‍ എസ്.രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെട്ടതും വലിയ ചര്‍ച്ചയായിരുന്നു. പിന്നീടാണ് രാജേഷ്. എം.മേനോന്‍ സ്പഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് എത്തിയത്. സാക്ഷി വിസ്താര സമയത്ത് ജഡ്ജിയായിരുന്ന കെ.എസ്. മധു ഒരു മാസമായപ്പോഴേക്കും സ്ഥലം മാറ്റം വാങ്ങി പോയി. തുടര്‍ന്നാണ് നിലവിലെ ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ എത്തിയത്. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസം പിന്നിടുമ്പോഴാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.
Previous Post Next Post

نموذج الاتصال