കോഴിക്കോട്: കവര്‍ച്ചാ സംഘം പൊലീസ് പിടിയിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള തമിഴ് കവർച്ചാസംഘമാണ് അറസ്റ്റിലായത്. ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ,ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വീട് വാടകയ്‌ക്കെടുത്ത് ആളുകളെ കേന്ദ്രീകരിച്ച് വിവിധ തരത്തിലുളള മോഷണമാണ് നാലംഗസംഘവും നടത്തി വന്നിരുന്നതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽ മീണ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകിയിരുന്നു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചു കൊണ്ടിരിക്കെ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യമുണ്ടെന്ന് പൊലീസിന് വ്യക്തമായി.
ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി കെ സുദർശന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകൾ സന്ധ്യ (25), എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ആളുകൾക്ക് ഒരു വിധത്തിലും സംശയം തോന്നാത്ത തരത്തിൽ വേഷം ധരിക്കാൻ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാൻ കയ്യിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ ഇവര്‍ കരുതിയിരുന്നു. പ്രതികളിൽ നിന്ന് സ്വർണം തൂക്കുന്നതിനുള്ള മെഷീൻ, കളവ് ചെയ്ത മൊബൈൽ ഫോൺ, പണം, പഴ്സുകൾ, കട്ടിങ്ടൂൾ, എന്നിവയും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്തതിൽ നിന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്