മണ്ണാർക്കാട്: ഭഗവതിയുടെ വലിയാറാട്ട് ഇന്ന്. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾ നടക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ
വിശേഷാൽ പൂജകളുമുണ്ടാകും. ആചാരപ്പെരുമ പേറുന്ന കഞ്ഞിപ്പാർച്ചയും ഇത്തവണ വിപുലമാണ്. രാവിലെ ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടർന്ന് വാദ്യകലാരംഗത്തെ പ്രഗത്ഭർ അണിരക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം പൂരപ്രേമികൾക്ക് വാദ്യവിരുന്നാകും. കോങ്ങാട് മധു, കരിയന്നൂർ നാരായണൻ നമ്പൂതിരി, മായന്നൂർ രാജു തുടങ്ങിയവർ തിമിലയിലും കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, വടക്കുംപാട്ട് രാമൻകുട്ടി, കല്ലേക്കുളങ്ങര ബാബ സദനം ഭരതരാജൻ തുടങ്ങിയവർ മദ്ദളത്തിലും തിരുവാലത്തൂർ ശിവൻ, കൊടുന്തരപ്പുള്ളി മധു എന്നിവർ ഇടയ്ക്കയിലും ചേലക്കര സൂര്യൻ, കാട്ടുകുളം ബാലകൃഷ്ണൻ എന്നിവർ താളത്തിലും മച്ചാട് മണികണ്ഠൻ, മച്ചാട് രാമചന്ദ്രൻ ആൻഡ് പാർട്ടി കൊമ്പിലും പ്രമാണം വഹിക്കും. രാവിലെ 11 മുതൽ 12 വരെ ആറാട്ടുകടവിൽ കഞ്ഞിപ്പാർച്ച നടക്കും. 12.30 മുതൽ ഒരുമണിവരെ മേളം, നാദസ്വരം. മൂന്നുമണി മുതൽ അഞ്ചുവരെ കിള്ളിക്കുറിശ്ശിമംഗല കുഞ്ചൻ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, അഞ്ച് മുതൽ പാലക്കാട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡബിൾ നാദസ്വരവും ആറ് മുതൽ ഹരിദാസ് മണ്ണാർക്കാട്, മോഹൻദാസ് മണ്ണാർക്കാട് എന്നിവരുടെ ഡബിൾ തായമ്പകയും കാഴ്ചക്കാരെ താളലഹരിയിലാ റാടിക്കും. ശേഷം കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവ നടക്കും. രാത്രി ഒമ്പതിന് ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടർന്ന് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ 90 ഓളം കലാകാരൻമാരുടെ പഞ്ചാരിമേളമുണ്ടാകും. കുടമാറ്റവും നടക്കും. ഇടയ്ക്ക പ്രദക്ഷിണവും
കാഴ്ചശീവേലിയോടെയും വലിയാറാട്ട്
സമാപിക്കും. ചൊവ്വാഴ്ച
ചെട്ടിവേലയോടെ മണ്ണാർക്കാട്
പൂരത്തിന് സമാപനമാകും.
ആനച്ചമയ പ്രദർശനം
മണ്ണാർക്കാട്: ആറാട്ടെഴുന്നള്ളിപ്പിന് മുന്നേ കാഴ്ചവിരുന്നായി ക്ഷേത്രാങ്കണത്തിലെ ആനച്ചമയ പ്രദർശനം. പൂരപ്പറമ്പിലെ പ്രത്യേക സ്റ്റാളിലാണ് ആനയൊരുക്കത്തിന് വേണ്ടതെല്ലാം തിരത്തി വെച്ചത്. , വെട്ടിത്തിളങ്ങുന്ന ഭഗവതിയുടെ പ്രതിഷ്ഠയുള്ള തിടമ്പും, നെറ്റിപ്പട്ടങ്ങളും, മയിൽപ്പീലിയിൽ കോർത്ത ആലവട്ടവും, വെഞ്ചാമരങ്ങളും പള്ളമണികളും വട്ടക്കയറും വർണക്കുടകളും കാണാൻ പൂരനഗരിയിൽ തിരക്കായി.
ആനച്ചമയ പ്രദർശനത്തിന്റെ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എം.എൽ.എ. നിർവഹിച്ചു.