കൂട്ടത്തിൽ എന്നെ മാത്രം കൊതുക് കുത്തുന്നതെന്താണ് എന്ന് പരിഭവിക്കുന്നവരുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ ഗവേഷകർ.
മനുഷ്യരില്‍ നിന്നും വരുന്ന പ്രത്യേകതരം മണങ്ങളാണ് കൊതുകിനെ ആകര്‍ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍. 'കൊതുക് ഇഷ്ടപ്പെടുന്ന മണങ്ങളെ തിരിച്ചറിയുകയെന്നതാണ് നിര്‍ണായകം. അങ്ങനെ ചെയ്താല്‍ കൊതുകു കടിയില്‍ നിന്നും അതുവഴി സംഭവിക്കുന്ന അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും' – ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോസയന്‍സ് പിഎച്ച്ഡി അസോസിയേറ്റ് പ്രഫസറായ ക്രിസ്റ്റഫര്‍ പോട്ടര്‍ പറയുന്നു.
പുതിയ പഠനം കൊതുകു കടിയില്‍ നിന്നും കൂടുതല്‍ പേരെ അകറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണവും രുചിയും അടക്കം പല സംവേദന രീതികളും കൊതുകുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മണം തന്നെയാണ് കൂട്ടത്തില്‍ മുന്നിലുള്ളതെന്നാണ് പഠനം പറയുന്നത്. അയോണോട്രോപിക് റിസെപ്റ്ററുകള്‍ ഉപയോഗിച്ചാണ് കൊതുകുകള്‍ ഏത് ഭാഗത്ത് കുത്തണമെന്നും ചോരകുടിക്കണമെന്നും തിരഞ്ഞെടുക്കുന്നത്. ക്രിസ്റ്റഫര്‍ പോട്ടറിനൊപ്പം ഗവേഷകരായ ജോഷ്വ രാജി, ജൊവാന കൊനോപ്ക എന്നിവരും പഠനത്തിന്റെ ഭാഗമായിരുന്നു.
തലയുടെ ഭാഗത്തു നിന്നും പരമാവധി അകലത്തിലുള്ള കൊതുക് കുത്താന്‍ ഉപയോഗിക്കുന്ന ആന്റിനയിലാണ് കൂടുതല്‍ അയണോട്രോപിക് റിസപ്റ്ററുകള്‍ കൊതുകിനുള്ളത്. കൊതുകിന്റെ ആന്റിന നേരത്തെ കരുതിയതിലും സങ്കീര്‍ണമാണെന്ന സൂചനയും പഠനം നല്‍കുന്നുണ്ട്. കൊതുകിനെ ആകര്‍ഷിക്കുന്ന മണം പോലെ കൊതുകിനെ അകറ്റുന്ന മണങ്ങള്‍ കൂടി തിരിച്ചറിയാനായാല്‍ വലിയൊരു വിഭാഗം മനുഷ്യരെ കൊതുകു കടിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. സെല്‍ റിപ്പോര്‍ട്‌സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.