വയനാട്ടിൽ തിരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കിൽ മൽസരിക്കുക പ്രിയങ്കയോ

ന്യൂഡൽഹി: സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ചില കോണുകളിൽ നിന്നുയരുന്ന ചോദ്യമാണ് വയനാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത്. 

രാഹുൽ മത്സരിച്ച സീറ്റായതിനാൽ തിരഞ്ഞെടുപ്പുണ്ടായാൽ എ.ഐ.സി.സി. ആവും വയനാട് സീറ്റിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുക. ഈ സാഹചര്യത്തിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുകയാണെങ്കിൽ പ്രിയങ്കാഗാന്ധിയെ നിർത്തണമെന്ന് പാർട്ടിയിൽ ഒരുവിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 2024 തിരഞ്ഞെടുപ്പിൽ സോണിയാഗാന്ധി മത്സരിക്കാതെ മാറിനിൽക്കുമ്പോൾ പ്രിയങ്ക രംഗത്തിറങ്ങുമെന്നാണ് നിലവിൽ സൂചന. അങ്ങനെയെങ്കിൽ കുറച്ചുകാലത്തേക്ക് എന്ന നിലയിൽ പ്രിയങ്ക വയനാട്ടിലിറങ്ങാനും മതി. 

അതേ സമയം രാഹുൽഗാന്ധിക്ക് അപ്പീലിനായി ഒരുമാസത്തെ സമയമുണ്ടെങ്കിലും ഏപ്രിലിൽ കർണാടകത്തിനൊപ്പം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് തടസ്സമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനത്തിനുമുമ്പ് സ്റ്റേ നേടാനായില്ലെങ്കിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും.  കമ്മിഷൻ തീരുമാനത്തിനെതിരേ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകാമെന്ന സാധ്യതയുണ്ടെങ്കിലും അതിലും തീരുമാനമെന്താവുമെന്നുറപ്പില്ല. പക്ഷേ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി തിരക്കിട്ട് വിജ്ഞാപനമിറക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിൽ ധൃതി പിടിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് നീതിനിഷേധമാവുമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം

സിപിഎം നൽകിയ പിന്തുണ രാഹുൽ ഗാന്ധിക്കല്ല,  രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ പറഞ്ഞതോടെ വയനാട്ടിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുകയാണെങ്കിൽ അവിടെ മികച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയെ തന്നെയാവും മൽസരത്തിനിറക്കുക എന്നതിന്റെ സൂചനയായാണതിനെ നിരീക്ഷകർ കാണുന്നത്. എൻഡിഎക്കു വേണ്ടി കഴിഞ്ഞ തവണ മൽസരിച്ച ബിഡിജെഎസ് ഇക്കുറിയും സീറ്റ് വേണമെന്ന ആവശ്യവുമായി  രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിലുള്ള തുഷാർ വെള്ളാപ്പിള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ കാണും.
Previous Post Next Post

نموذج الاتصال