സ്വർണ്ണം കണ്ട് കണ്ണ് മഞ്ഞളിച്ചില്ല; അത് നഷ്ടമായ ഉടമയുടെ വേദനയായിരുന്നു റംഷാദിന്റെ മനസ്സ് മുഴുവൻ

മണ്ണാർക്കാട്: ഇല്ലായ്മക്ക് നടുവിലും ഓട്ടോയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണം കണ്ട് റംഷാദിന്റെ കണ്ണ് മഞ്ഞളിച്ചില്ല മറിച്ച് അത് നഷ്ടമായയാളെ തേടിപിടിച്ച് സ്വർണ്ണം തിരികെ ഏൽപ്പിച്ചതിന് ശേഷമാണ് റംഷാദ് സന്തോഷവാനായത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടയിലും സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് തന്നാലായത് ചെയ്യുന്ന റംഷാദിന്റെ നന്മ മനസ്സ് മണ്ണാർക്കാട്ടുകാർക്ക് സുപരിചിതമാണ്. സേവ് മണ്ണാർക്കാട് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ നായാടിക്കുന്ന് പാറപ്പുറവൻ വീട്ടിൽ റംഷാദ് (38)  പാവപ്പെട്ടവർക്ക് സംഘടനയിലൂടെ സഹായമെത്തിക്കുന്നതിൽ മുൻപന്തിയിലാണ്.  കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം,  രാവിലെ  ഓട്ടോറിക്ഷ വൃത്തിയാക്കുന്നതിനിടെയാണ് പിൻസീറ്റിൽ നിന്ന് സ്വർണക്കമ്മൽ ലഭിച്ചത്. ആരുടേതാണെന്ന് മനസ്സിലാക്കാൻ പറ്റിയില്ല. അത് ഭദ്രമായി സൂക്ഷിച്ച്  സുഹൃത്തിനോട് കാര്യം പറഞ്ഞു. ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്ന് തീരുമാനിച്ചു. ആദ്യപടിയായി സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയ വിവരം വാട്‌സാപ്പിലൂടെയും ഷെയർ ചെയ്തു പക്ഷേ യഥാർത്ഥ ഉടമസ്ഥനെ ലഭിച്ചില്ല.  പിന്നീടാണ് തോരാപുരത്തേക്ക് തലേ ദിവസം രാത്രി ഓട്ടം പോയ കാര്യം ഓർമയിൽ വന്നത്. രാത്രിയായതിനാൽ വീടറിയാനും കഴിഞ്ഞില്ല. ആ ഭാഗത്തുള്ള സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. ഇയാളുടെ അന്വേഷണത്തിൽ കുടുംബത്തെ കണ്ടെത്തി. സുഹൃത്തുമൊന്നിച്ച് വെള്ളിയാഴ്ച ഇവരുടെ വീട്ടിലെത്തി കമ്മൽ കൈമാറുകയായിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതി സങ്കടപ്പെട്ടിരിക്കുന്നവരുടെ മുന്നിൽ റംഷാദ് സ്വർണ്ണാഭരണവുമായി എത്തിയപ്പോൾ അവരുടെ മുഖത്തും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. 

ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ സന്തുഷ്ട കുടുംബമാണ് റംഷാദിന് 
ഭാര്യ: ഷഹ്‌ല. മക്കൾ: റുഫെയ്ദ, റിഫ.
Previous Post Next Post

نموذج الاتصال