മണ്ണാർക്കാട്: ഫേക്കുകളെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് എഐവൈഎഫ് നേതാവ് സുരേഷ് കൈതച്ചിറ. സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ വളരെ കൃത്യമായി പങ്കു വെക്കുന്നത് കൊണ്ട് വളരെയധികം ഫോള്ളോവേർസ് ഉള്ള സുരേഷ് കൈതച്ചിറയെ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിര്‍മിച്ച് പണം തട്ടുന്ന സംഘം നോട്ടമിട്ടതിൽ അതിശയോക്തയില്ല. പക്ഷേ ഇത്തരം സംഘങ്ങൾ സാധാരണ ഒരാളുടെ ഒരു എക്കൗണ്ട് ഉണ്ടാക്കി പിന്നെ അടുത്ത മേച്ചിൽ പുറങ്ങൾ തേടുകയാണ് പതിവ്. പക്ഷേ സുരേഷിന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചിരിക്കുന്നത് മാസങ്ങൾക്കുള്ളിൽ അഞ്ച് ഫേക്ക് എക്കൗണ്ടുകളാണ് തട്ടിപ്പ് സംഘം ഉണ്ടാക്കിയത്. ഇത്തരം സംഘങ്ങൾ ചെയ്യുന്നത് സ്വകാര്യ വ്യക്തികളുടെ യഥാർഥ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവുമെല്ലാം ഉപയോഗിച്ച് അതേ പേരില്‍ തന്നെ മറ്റൊരു അക്കൗണ്ട് നിർമ്മിക്കുകയും, യഥാർത്ഥ ഫേസ്ബുക്ക് എക്കൗണ്ടിലെ സുഹൃത്തുക്കൾക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് അയച്ച്, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നവരുടെ മെസ്സഞ്ചറിൽ പോയി ചാറ്റു ചെയ്യുകയും, ആശുപത്രിയിലാണെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുകയുമാണ് രീതി. ചോദിക്കുന്നത് അത്ര വലിയ സംഖ്യ അല്ലാത്തതിനാൽ ശുദ്ധ മനസ്ക്കർ ഇതിൽ വീണു പോവുകയും ചെയ്യും. സുരേഷിന്റെ കാര്യത്തിൽ വളരെ കൃത്യമായ ഇടപെടലുകൾ ഉണ്ടായത് കൊണ്ട് ആരും ഇത് വരെ ചതിയിൽ പെട്ടിട്ടില്ല, പക്ഷേ തട്ടിപ്പ് സംഘം തന്നെ വിട്ടു പോകുവാൻ ഒരുക്കമല്ലാത്തതാണ് സുരേഷിന് തലവേദന സൃഷ്ടിക്കുന്നത്. ഒടുവിൽ ഗതി കെട്ട് "താൻ നേരിട്ട് ചോദിച്ചിട്ട് പോലും ആരും പണം തരുന്നില്ല പിന്നെയാണൊ താനൊക്കെ മെസ്സഞ്ചറിലൂടെ ചോദിച്ചാൽ തരുന്നേ" എന്ന് തന്റെ ഫേസ്ബുക്ക് എക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുരേഷ്.