മണ്ണാർക്കാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ ഇന്നലെയുണ്ടായ വാഹനാപകടങ്ങളിൽ എട്ടോളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പഴയ ചെക്ക് പൊസ്റ്റിനടത്തു വെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. അലനല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. എടായ്ക്കല്‍ വളവിന് സമീപം ഇന്നലെ വൈകീട്ട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വാർത്തകൾ വിശദമായി
നായ കുറുകെ ചാടി,ബൈക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്
മണ്ണാര്‍ക്കാട്: റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു . കണ്ണൂര്‍ ഇരിട്ടി വട്ടംതൊട്ടിയില്‍ വീട്ടില്‍ മോളി മാത്യു (55), മുക്കാലി നെടിയാനിക്കല്‍ വീട്ടില്‍ ജെയ്‌മോന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.15ന് മണലടി പഴയ ചെക്ക്‌പോസ്റ്റിനടുത്തുവച്ചാണ് അപകടം. പിതാവിന്റെ സഹോദരിയായ മോളിമാത്യുവിനെ കണ്ണൂരിലേക്ക് ബസ് കയറ്റിവിടാനായി മണ്ണാര്‍ക്കാട്ടേക്ക് ബൈക്കില്‍ വരികയായിരുന്നു ജെയ്‌മോന്‍. ചെക്ക്‌പോസ്റ്റിനടുത്തുവച്ച് പൊടുന്നനെ നായ കുറുകെ ചാടുകയായിരുന്നു.അപകടത്തില്‍ മോളിമാത്യുവിന് തോളെല്ലിനും തലയ്ക്കും പൊട്ടലേറ്റു. ജെയ്‌മോന് സാരമായ പരിക്കുകളൊന്നുമില്ല. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വട്ടമ്പലത്തെ മദർകെയർ ആശുപത്രിയില്‍ ഇവര്‍ ചികിത്സതേടി.
ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാക്കത്ത്കുളമ്പിലെ പൂവത്തുംപറമ്പിൽ അബ്ദു (32), മക്കളായ ഫിദ ഫാത്തിമ (13), ഫൈസാൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. അലനല്ലൂർ ഭാഗത്തേക്ക് വരുകയായിരുന്നു കാറും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാർ ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അബ്ദുവിനെയും ഫിദ ഫാത്തിമയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എടയ്ക്കല്‍ വളവില്‍ അപകടം;മൂന്ന് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ തച്ചമ്പാറ എടായ്ക്കല്‍ വളവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ അസ്‌ന (22),സഫ്ദാര്‍ (21)അല്‍ഫിയ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം.മണ്ണാര്‍ക്കാട് നിന്നും കല്ലടിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.