കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ മരിച്ചു. ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടർക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ നാലുപേർക്കും കുത്തേറ്റു.
ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയില്‍ നടന്നത് ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് വിശദീകരിക്കുന്നത് ഇങ്ങനെ.
"വൈലന്റായ പ്രതി സന്ദീപ് പൊലീസുകാരെയാണ് ആദ്യം കുത്തിയതെന്ന് രാജേഷ് പറഞ്ഞു. അക്രമം തുടങ്ങിയപ്പോള്‍ തന്നെ സ്റ്റാഫുകളെയെല്ലാം പല ഭാഗത്തേക്കായി മാറ്റി. സംഭവിച്ചതറിയാതെയാണ് വന്ദന ആ ഭാഗത്തേക്ക് വന്നതെന്നും ഉടന്‍ തന്നെ പ്രതി വന്ദനയെ കുത്തുകയായിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. പ്രതി ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ സ്റ്റാഫുകളെയും റൂമില്‍ കേറ്റി. പക്ഷേ ആ സമയത്താണ് വന്ദന മുറിയില്‍ നിന്ന് ഇറങ്ങി വരുന്നത്. ഇതോടെ പ്രതിയും ഡോക്ടറും നേര്‍ക്കുനേരായി. ആദ്യം നിലത്തേക്ക് തള്ളിയിട്ടാണ് നിരന്തരം കുത്തിയത്."
ചെറുകരക്കോണം സ്വദേശിയായ പ്രതിയായ സന്ദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ അധ്യാപകനായിരുന്ന ഇയാളെ ലഹരിക്കടിമയായതിനാൽ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഡീഅഡിക്ഷൻ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നാണ് വിവരം.