പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിലുള്ള മരമില്ലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കല്ലടി വീട്ടിൽ വി. കെ ഇല്യാസിന്റെ ഉടമസ്ഥതയിലുള്ള ഇല്ല്യാസ് സോ മില്ലിലാണ് അഗ്നി ബാധയുണ്ടായത്. മില്ലിന് സമീപത്ത് തന്നെ താമസിക്കുന്ന ഇല്ല്യാസ് ശബ്ദം കേട്ട് ഉണരുകയും, അഗ്നിബാധ കണ്ട് ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രാത്രി പെട്രോളിങ്ങിലുള്ള പോലീസും ഈ വിവരം ഫയർഫോഴ്സിനെ അറിയിച്ചിരുന്നു. ഉടൻ തന്നെ വട്ടമ്പലത്ത് നിന്ന് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയും. സമീപത്ത് നിരവധി സ്ഥാപനങ്ങളും, പെട്രോൾ പമ്പുൾപ്പെടെയുള്ളതും കണക്കിലെടുത്ത് പെരിന്തൽമണ്ണയിലുള്ള ഫയർഫോഴ്സിന്റേയും സഹായം തേടി. ഇവരും വൈകാതെ സ്ഥലത്തെത്തി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഒന്നേമുക്കാൽ മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണച്ചു. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ ദുരന്തം ഒഴിവാക്കാനായി. മില്ലിൽ ഈർന്ന ശേഷം കൂട്ടിയിട്ടിരുന്ന മരങ്ങൾക്കുൾപ്പെടെ തീപിടിച്ചതാണ് ആശങ്ക കൂട്ടാൻ കാരണം.
മണ്ണാർക്കാട് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഇൻ ചാർജ് വി സുരേഷ് കുമാർ , റിജേഷ്, വിജിത്ത്, അൻസൽ, ബാബു എന്നിവരും പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ നിന്നും ഒരു യൂണിറ്റും കൂടിച്ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. ഏകദേശം മൂന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ഇല്ല്യാസ് പറഞ്ഞു