മണ്ണാർക്കാട് : സമൂഹത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിച്ച് വർഗ്ഗീയവിഷം ചീറ്റുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് മണ്ണാർക്കാട് സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു.
കേരളം മാനവ സൗഹാർദ്ധത്തിന് പേരുകേട്ട നാടാണ്. ഇവിടെ സ്ത്രീകളെ കൂട്ടത്തോടെ മതംമാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നുവെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. ഒരു സംസ്ഥാനത്തെ തന്നെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്ക് രാജ്യത്ത് അനുമതി നൽകരുതെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.
വർഗ്ഗീയ ഫാഷിസ്റ്റുകൾ ആവർത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകൾക്ക് പിന്നിലുള്ളത്.
ഇസ്ലാം ഭീതി വിതച്ച് ഒരു വിഭാഗത്തെ അപരവൽക്കരിക്കുന്നതോടൊപ്പം ലോകത്താകമാനം ഈ സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ധീൻ സ്വലാഹി ലീഡേർസ് മീറ്റ് ഉദ്ഘാടനം ചെയ്തു
വിസ്ഡം യൂത്ത് റമളാനിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. മണ്ഡലം-ശാഖാതലങ്ങളിൽ വരുംദിവസങ്ങളിൽ സംഘടിപ്പിക്കേണ്ട വ്യത്യസ്ഥ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജില്ലാ പ്രസിഡന്റ്
എം ഹസ്സൻ അൻസാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി
ഫിറോസ് സ്വലാഹി,
സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ സലാഹുദ്ദീൻ ഇബ്നു സലീം, യൂനുസ് പട്ടാമ്പി, ജില്ലാ സെക്രട്ടറി നൗഫൽ കളത്തിങ്കൽ , ഡോ പ്രിയാസ്, സുധീർ ഒലവക്കോട്, ഉണ്ണീൻവാപ്പു അലനല്ലൂർ, മുസ്തഫ പട്ടാമ്പി, ഷഹീർ ചൂരിയോട്, കെ പി സലീം പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. മൂസ സ്വലാഹി കാര ക്ലാസെടുത്തു.