വജ്രായുധമായ 'കേരളസ്റ്റോറി' പരാമർശവും ഏറ്റില്ല; കർണാടകത്തിൽ തോറ്റമ്പി ബിജെപി

2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. കര്‍ണാടകത്തിലെ ഈ ഫലത്തിന് അതിനപ്പുറം ഒരു വിശേഷണമില്ല. ബിജെപി കയ്യിലുള്ള എല്ലാ ആയുധങ്ങളും പുറത്തെടുത്തു എന്ന് തീര്‍ത്തു പറയാന്‍ ദി കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാത്രം മതി. അത് ബിജെപിയുടെ കൈയിലെ അവസാനത്തെ ആയുധമായിരുന്നു. തീവ്രവാദത്തിന്റെ വൃത്തികെട്ട മുഖം തുറന്നുകാട്ടുന്നതാണ് സിനിമ എന്ന് പറഞ്ഞ മോദി, സിനിമയെ എതിര്‍ക്കുന്നത് വഴി കോണ്‍ഗ്രസ് തീവ്രവാദത്തിനൊപ്പമാണെന്ന് കൂടി പറഞ്ഞു. സാധാരണ പ്രാദേശിക നേതാക്കളുടെ പ്രസംഗങ്ങളില്‍ ഒതുങ്ങേണ്ട സംഭവം പ്രധാനമന്ത്രി തന്നെ നേരിട്ടു പറഞ്ഞു. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, കൂടുതലൊന്നും ഞാന്‍ പറയുന്നില്ലെന്നായിരുന്നു കര്‍ണാടകയില്‍ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

ഈ പരാജയത്തോടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനവും നഷ്ടമായി. കര്‍ണാടകത്തിലെ രാഷ്ട്രീയ മേല്‍ക്കൈകൊണ്ടാണ് ബിജെപി ഇന്ത്യന്‍ ദേശീയതയെ പ്രതിനിധീകരിച്ചത്. അതു മറ്റ് നാലു സംസ്ഥാനങ്ങളിലേക്കു കൂടിയുള്ള ദിശാ സൂചികയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യത. തെലങ്കാനയിലും ആന്ധ്രയിലും പ്രാദേശിക രാഷ്ട്രീയം മറികടന്ന് കുതിക്കാനുള്ള മണ്ണ്. ഇതുരണ്ടുമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പെയ്ത്തില്‍ ഒലിച്ചുപോയത്. കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടി എന്നതല്ല, കയ്യിലിരുന്ന മുപ്പതോളം സീറ്റുകള്‍ ബിജെപിക്കു പോയി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം.

136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും ബി ജെ പി തകര്‍ന്നടിഞ്ഞപ്പോള്‍ ജെഡിഎസ്സിനും തിരിച്ചടി നേരിട്ടു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ പതിയെ കോണ്‍ഗ്രസ് മുന്നേറ്റം തെളിഞ്ഞു തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നൂറിലധികം സീറ്റുകളില്‍ ലീഡുയര്‍ത്തി. ഒടുവില്‍ 113 എന്ന മാന്ത്രിക സംഖ്യയും മറികടന്ന് വലിയ ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പ്.

കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളായ മുംബൈ കര്‍ണാടകയിലും മധ്യ കര്‍ണാടകയിലുമെല്ലാം ബി ജെ പി തകര്‍ന്നടിഞ്ഞു. തീരദേശ കര്‍ണാടക മാത്രമാണ് ബിജെപിക്ക് ആശ്വാസമായത്. പഴയ മൈസൂരു മേഖലയിലും കോണ്‍ഗ്രസ് കുതിപ്പ് നടത്തിയപ്പോള്‍ ജെഡിഎസ്സിന് തിരിച്ചടി നേരിട്ടു.

അഴിമതി ആരോപണങ്ങളെല്ലാം യദ്യൂരപ്പയില്‍ കൊണ്ടുപോയി ചാര്‍ത്തി കൈകെട്ടി നിന്നിരുന്ന നേതാക്കള്‍ക്ക് ഇത്തവണ അതിനും കഴിഞ്ഞില്ല. ബൊമ്മൈ മുതല്‍ തദ്ദേശ ഭരണനേതാക്കള്‍ വരെ ആരോപണ വിധേയരായി. അമൂലിന്റെ ഗുജറാത്തി വംശീയതകൊണ്ട് നന്ദിനിയുടെ ദ്രാവിഡവീര്യം മറികടക്കാനാവില്ലെന്നു കൂടി പഠിപ്പിക്കുകയാണ് കര്‍ണാടക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നയിച്ച തെരഞ്ഞെടുപ്പിനെ രാഹുലും പ്രിയങ്കയും അല്ല മറികടന്നത്. ഡി കെ ശിവകുമാറും സിദ്ദരാമയ്യയുമാണ്.
Previous Post Next Post

نموذج الاتصال