മണ്ണാർക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുൻപിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ രാത്രിയിൽ നടന്ന യോഗമാണ് സംഘർഷത്തിലും, കൂട്ടത്തല്ലിലും കലാശിച്ചത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന് വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി റിയാസുദ്ദീൻ, സിപിഎം ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇന്നലെ നടന്ന യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനിഫിനെ പുറത്താക്കുകയും റഷീദിനെ തരം താഴ്ത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതു കണ്ട് ഷാനിഫിനൊപ്പമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്ത് എത്തിയതോടെ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നു. ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് ഷാജ് മോഹനെതിരെ സാമ്പത്തിക തിരിമറി നടത്തി എന്ന പരാതിയും, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ചു എന്ന പരാതിയും ഷാനിഫ് ഉന്നയിച്ചിരുന്നു, ഇതിൽ പ്രകോപിതരായാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെയും,പാർട്ടി ഏരിയ സെക്രട്ടറിയുടെയും നേതൃത്വത്തിൽ തന്നെ കൈയേറ്റം ചെയ്തതെന്ന് ഷാനിഫ് പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുത്തതിന്റെ ഭാഗമായി ചിലർ ബോധപൂർവം അക്രമം നടത്തിയെന്നാണ് സിപിഎം ഏരിയ സെക്രട്ടറിയുടെ വിശദീകരണം.
സമൂഹമാധ്യമങ്ങളിലിപ്പോഴും ഇരു കൂട്ടരും തമ്മിൽ പോർവിളികൾ തുടരുകയാണ്