എച്ച് ഡി ദേവഗൗഡ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് സൂചന; വെട്ടിലാകുക കേരള ജെഡിഎസ്

ബിജെപിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്ന് സൂചന. അങ്ങനെ നടന്നാൽ വെട്ടിലാകുന്നത് ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസ് ആകും.  നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറയുന്നു. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷയോഗത്തില്‍ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല. 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം. കര്‍ണാടകയില്‍ ഉള്‍പ്പെടെ മുഖ്യ എതിരാളിയായി ജെഡിഎസ് കോണ്‍ഗ്രസിനെ ആണ് കണക്കാക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജെഡിഎസ് എന്‍ഡിഎയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നത്. എച്ച് ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഖ്യ സാധ്യത ഇതുവരെ തള്ളിയിട്ടുമില്ല.

അതേസമയം ജെഡിഎസുമായുള്ള സഖ്യ സാധ്യത കൂടി കണക്കിലെടുത്തുകൊണ്ടാണ് ബിജെപി കർണാടകയിൽ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്. സഖ്യം സാധ്യമായാൽ പ്രതിപക്ഷ നേതൃ പദവി ചോദിക്കാനുള്ള തയാറെടുപ്പിലാണ് കുമാരസ്വാമി. ജെഡിഎസ് എൻഡിഎയില്‍ ചേരുന്നത് സംബന്ധിച്ച്‌ ഇരുപാര്‍ട്ടികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ സാധ്യത ഉയര്‍ത്തിയിരുന്നു. ഭാവിയില്‍ രണ്ട് പാര്‍ട്ടികളും ഒരുമിച്ച്‌ പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിമാരായ എച്ച്‌ഡി കുമാരസ്വാമിയും ബിഎസ് യെദിയൂരപ്പയും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബസവരാജ് ബൊമ്മൈയുടെ പരാമര്‍ശം.
Previous Post Next Post

نموذج الاتصال