മണ്ണാര്‍ക്കാട്: ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനായി പൊതുപ്രവര്‍ത്തകരും റെവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഉപസമിതി രൂപീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ ശ്മശാന ഭൂമിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതും അരയങ്ങോട് ഭൂമി വിഷയത്തിലും താലൂക്ക് സമിതിയില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും പരിഹരിക്കപ്പെടാത്തതിനാല്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതിയെ വച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യോഗ അധ്യക്ഷനായ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന് നിര്‍ദേശിച്ചത്. തെന്നാരിയില്‍ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടക്കുന്നുവെന്ന സ്ത്രീകൂട്ടായ്മയുടെ പരാതിയില്‍ എക്സൈസിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് എക്സൈസും പൊലിസും സംയുക്തമായി റെയ്ഡ് നടത്തുകയും ഒരാളെ അറസ്റ്റുചെയ്തിട്ടുള്ളതായും എക്സൈസ് പ്രതിനിധി അറിയിച്ചു. ജലസേചന കനാലുകള്‍ വൃത്തിയാക്കാത്തത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ആക്ഷന്പ്ലാനില് കനാല്‍ ശുചീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് പ്രതിനിധി അറിയിച്ചു.നഗരസഭയിലെ വര്‍ധിച്ച കെട്ടിട നികുതി സര്‍ക്കാര്‍ നിയമപ്രകാരമാണോയെന്നത് പരിശോധിക്കുക, മണ്ണെടുക്കുന്നതിനായി പഞ്ചായത്തുകള്‍ക്ക് പാസ് അനുവദിക്കുന്നതില്‍ നിയന്ത്രണം വരുത്തുക,കരിമ്പ ബഥനി സ്കൂളിന് മുന്നില്‍ സീബ്രാലൈനും, ബസ് സ്റ്റോപ്പും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അംഗങ്ങള്‍ ഉന്നയിച്ചു.
ഭൂമിപ്രശ്നങ്ങളില്‍ വേഗം പരിഹാരം കാണാന്‍ ഉപസമിതി രൂപീകരിക്കാന്‍ നിര്‍ദേശം
byഅഡ്മിൻ
-
0