മണ്ണാർക്കാട് തെന്നാരിയിൽ നടക്കുന്ന അനധികൃത മദ്യ വിൽപ്പന പൂർണമായും തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് പത്ര, മാധ്യമങ്ങളിൽ വന്ന വാർത്തയിൽ സ്വമേധയാ കേസെടുത്തുകൊണ്ടാണ് കമ്മിഷന്റെ ഇടപെടൽ. മണ്ണാർക്കാട് നഗരസഭയിലെ ഒമ്പതാം വാർഡിലെ തെന്നാരിയിൽ അനധികൃത മദ്യവിൽപ്പനക്കെതിരേ മുപ്പതോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ ഞായറാഴ്ച ചോലക്കുളം റോഡിൽ കുടിൽ കെട്ടി ഉപവസിച്ചിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ സമരമായിരുന്നു ഇത്. രണ്ടാഴ്ച മുൻപ് സ്ത്രീകൾ ഒത്തുചേർന്ന് പ്രതിഷേധറാലിയും നടത്തിയിരുന്നു. തുടർസമരങ്ങൾ നടത്തിയിട്ടും മദ്യ വിൽപ്പനക്കാർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നാണ് വാർഡ് കൗൺസിലർ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ പരാതിപ്പെട്ടത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബോധവൽക്കരണം നൽകിയിട്ടും അനധികൃത മദ്യവിൽപ്പന തുടരുന്നുവെന്നും ആക്ഷേപമുയർന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മിഷൻ കേസെടുത്തത്. നടപടികൾ സ്വീകരിച്ച ശേഷം എക്സൈസ് കമ്മിഷണർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പാലക്കാട്ട് നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും