കവർച്ചാ കേസുകളിലെ മുഖ്യ പ്രതിയും സഹായിയും അറസ്റ്റിൽ

പെരിന്തൽമണ്ണ: വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ചക്കേസുകളിലെ മുഖ്യപ്രതിയും സഹായിയും പെരിന്തൽമണ്ണയിൽ അറസ്റ്റിലായി. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫൽ (37), മോഷണമുതൽ വിൽക്കാനും പ്രതിക്ക് താമസസൗകര്യമൊരുക്കാനും സഹായിച്ച പട്ടാമ്പി മഞ്ഞളുങ്ങൽ സ്വദേശി പൂവ്വത്തിങ്ങൽ ബഷീർ (43) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസഘം അറസ്റ്റുചെയ്തത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ വീട്ടിൽനിന്ന് 72 പവനും മുതുകുർശി എളാടുള്ള വീട്ടിൽനിന്ന് 20 പവനും പണവും കവർന്ന കേസുകളിൽ നൗഫൽ പ്രതിയാണ്


ജൂൺ 11-നാണ് പരിയാപുരം മില്ലുംപടിയിലെ പുതുപ്പറമ്പിൽ സിബി ജോസഫിന്റെ വീട്ടിൽനിന്ന് വീട്ടുകാർ പുറത്തുപോയ സമയത്ത് രാത്രിയിൽ പിന്നിലെ വാതിൽ തകർത്ത് അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും കവർന്നത്. മേയ് 28-ന് മുതുകുർശി എളാട് കുന്നത്തുപറമ്പ് വാസുദേവന്റെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു. മറ്റി‍ടങ്ങളിലും നൗഫൽ കവർച്ച നടത്തി.

തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും മുൻകുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. പക്ഷേ, നാടുമായോ വീടുമായോ ബന്ധപ്പെടാത്ത പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് കേരളത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിൽ ചെന്നൈ, കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനുകളിലും തീവണ്ടിയിലും ചിലർ പ്രതിയെ കണ്ടതായി വിവരം ലഭിച്ചു. ഉത്തരേന്ത്യയിലേക്കുള്ള ലോറികളിൽ മുൻപ് ഡ്രൈവറായിരുന്ന പ്രതിക്ക് ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങി അഞ്ചു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനാവുമെന്നും വ്യക്തമായി. പശ്ചിമബംഗാളിൽനിന്ന് തീവണ്ടിയിൽ കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിന് തിരഞ്ഞെടുക്കുന്നതെന്നും മനസ്സിലാക്കി.


പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യൻ തീവണ്ടികളിൽ മഫ്ടിയിൽ രഹസ്യനിരീക്ഷണം നടത്തി. ഇതിനിടെ പ്രതി കേരളത്തിലേക്കു പുറപ്പെട്ടതായി സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ, ഒറ്റപ്പാലം, പട്ടാമ്പി റെയിൽവേസ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ പട്ടാമ്പി ടൗണിൽ പ്രതി എത്തിയതായി വിവരം ലഭിക്കുകയും കഴിഞ്ഞദിവസം രാത്രി പട്ടാമ്പി ടൗൺ ഭാഗത്തുനിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


വിശദമായ ചോദ്യംചെയ്യലിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ ആൾത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളിലെ കവർച്ചകൾക്ക് തുമ്പുണ്ടാക്കാൻ സാധിച്ചതായും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. 2019-ൽ കോതമംഗലം അയിരൂർപാടത്ത് വൃദ്ധദമ്പതിമാരുടെ വീട്ടിൽ മുഖംമൂടി ധരിച്ചുള്ള കവർച്ചയ്ക്കിടെ തടയാൻ ശ്രമിച്ച സ്ത്രീയുടെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയാണ് നൗഫൽ. ഇയാൾ ലക്ഷ്യം വെച്ചിരുന്നത് ആഡംബര വീടുകളായിരുന്നുവെന്നും മോഷണശേഷം പശ്ചിമബംഗാളിലേക്കു കടന്ന്, ഖത്തറിലെ ബിസിനസുകാരനാണെന്നു പറഞ്ഞാണ് അവിടെ കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.
Previous Post Next Post

نموذج الاتصال