പ്രാങ്ക് അതിര് കടന്നു; യുവാക്കൾക്കെതിരെ കേസ്

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വീഡിയോകളുടെ മേളമാണ്. പൊതുസ്ഥലങ്ങളിലും മറ്റും ആളുകളെ പറ്റിക്കാന്‍ വേണ്ടി ഓരോന്ന് ചെയ്യുകയും അത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രാങ്ക് വീഡിയോകളുടെ ഇതിവൃത്തം.ചാനലുകളിലും ഇത്തരം പരിപാടികള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോഴെല്ലാം ഇത് അതിര് കടന്ന് പോകാറുമുണ്ട്.
അത്തരമൊരു സംഭവമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാനായിരുന്നോ ഇത് എന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പറ്റിക്കാനായി കുട്ടികളെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ട് പോകാനാണ് യുവാക്കള്‍ ശ്രമിച്ചത്. കുട്ടികളുടെ അയല്‍വാസികള്‍ തന്നെയായിരുന്നു ഇതിന് പിന്നില്‍.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. റോഡരികില്‍ നിന്ന് കുട്ടിയെ ആണ് സ്‌കൂട്ടറില്‍ എത്തിയ യുവാക്കള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കുട്ടിയുടെ അയല്‍വാസികള്‍ തന്നെ ആയിരുന്നു സ്‌കൂട്ടറില്‍ എത്തിയിരുന്നത് എങ്കിലും മുഖം മറച്ച്‌ എത്തിയത് കൊണ്ട് കുട്ടിക്ക് ഇവരെ മനസിലായിതുമില്ല. കുട്ടിയുടെ കൂടെ മറ്റ് കുട്ടികളും ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുത്ത കുട്ടി ബഹളം വെച്ച്‌ ഉറക്കെ നിലവിളിച്ചു. ഇതോടെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ച്‌ യുവാക്കള്‍ കടന്ന് കളയുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് യുവാക്കളെ തിരിച്ചറിഞ്ഞത്. ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിലാണ് കുട്ടികളെ പറ്റിക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ട് പോകുന്നത് പോലെ അഭിനയിച്ചതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികളുടെ അയല്‍വാസികളാണ് തങ്ങള്‍ എന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. യുവാക്കളെ കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ കേസ് വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി ഇരുവര്‍ക്കുമെതിരെ താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു
Previous Post Next Post

نموذج الاتصال