പാലക്കാട്: രാവിലെ കട തുറക്കാനായി പോകവേ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് മെഡിക്കൽഷോപ്പ് ഉടമ മരിച്ചു. പുതുപ്പരിയാരം കെ.ടി.എ. നഗർ ശ്രീശൈലത്തിൽ പി. ശങ്കരനാരായണനാണ് (76) മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ, പുതുപ്പരിയാരം താണാവ് പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന ലോറി, നിയന്ത്രണംവിട്ട് സ്കൂട്ടറിനു പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ഹേമാംബികനഗർ പോലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശങ്കരനാരായണനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
45 വർഷത്തിലേറെയായി ഒലവക്കോട് പ്രവർത്തിക്കുന്ന ശബരി മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് മരണപ്പെട്ട ശങ്കരനാരായണൻ. ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഒലവക്കോട് യൂണിറ്റ് മുൻ വൈസ് പ്രസിഡന്റുമാണ്.