താമരശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പുഞ്ചക്കോട് പാറ SKSSF യൂണിറ്റിലെ പ്രവർത്തകൻ അസ്ഹറുദ്ദീൻ ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ പുതുപ്പാടി എലോക്കരയിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ബെംഗളൂരുവിൽനടന്ന സമസ്ത വാർഷികാഘോഷത്തിൽ പങ്കെടുത്ത് രണ്ടു വാഹനങ്ങളിലായി മണ്ണാർക്കാട്ടേക്ക് മടങ്ങുകയായിരുന്ന സംഘത്തിൽ പിറകിൽ സഞ്ചരിച്ച കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടത്. എലോക്കരയിൽവെച്ച് എതിർദിശയിൽ വരുകയായിരുന്ന ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ മുൻഭാഗം തകർന്ന് ബസിനുള്ളിലേക്ക് കയറിപ്പോയ കാർ നാട്ടുകാർ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.