മണ്ണാർക്കാട്: തട്ടുപൊളിപ്പൻ സിനിമയിലെ നായകന്മാർ പോലും കാണിക്കാത്ത ഷോ ആണ് ഒരു പദവിയിൽ ഇരിക്കുന്ന ആൾ കാണിക്കുന്നത്. ഇതൊന്നും വെറുതെയല്ല. ഇത് രാഷ്ട്രീയത്തിന്റെ ചട്ടുകമാകാൻ തന്നെ സമർപ്പിച്ചു കഴിഞ്ഞ ഒരു ഗവർണർ തന്റെ രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്താൻ കാണിക്കുന്ന നാടകമാണ് അങ്ങനെ ചട്ടുകമാക്കപ്പെടാൻ വേണ്ടിയുള്ള ഒരു പദവിയായി ഗവർണർ പദവി മാറി കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. ‘കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുകമാകുന്ന ഗവർണർമാർ’ എന്ന വിഷയത്തിൽ സി.പി.ഐ. ജില്ലാകൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളമുൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾ ബി.ജെ.പി. ക്യാമ്പ് ഓഫീസുകളായി മാറി. ഗവർണർമാർ രാഷ്ട്രീയ ചട്ടുകമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബി.ജെ.പി.ക്കും ആർ.എസ്.എസിനുംവേണ്ടി സർവകലാശാലകളിലേക്ക് രാഷ്ട്രീയ കള്ളക്കടത്ത് നടത്താനുള്ള വേദിയായി രാജ്ഭവനെ മാറ്റി. ജനാധിപത്യഭാരതത്തിൽ ഗവർണർപദവി ആവശ്യമില്ല. അതെടുത്തുകളയാനുള്ള സമയമായി. പാർലമെന്ററി വ്യവസ്ഥകളോട് ബി.ജെ.പി.ക്ക് സ്വപ്നത്തിൽപ്പോലും സ്നേഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽനടന്ന സെമിനാറിൽ സി.പി.ഐ. ജില്ലാസെക്രട്ടറി കെ.പി. സുരേഷ്‌രാജ് അധ്യക്ഷനായി. കെ.ടി. ജലീൽ എം.എൽ.എ., കെ.പി.സി.സി. വൈസ്‌പ്രസിഡന്റ് വി.ടി. ബൽറാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.