ഷൊർണൂർ: ഷൊർണൂർ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കുളപ്പുള്ളി മുളാനിക്കുന്ന് പഴംകുളത്തിൽ മുഹമ്മദ് മുസ്തഫയാണ് (29) അറസ്റ്റിലായത്. ഇയാളുടെ സ്കൂട്ടറിൽനിന്ന് 1കിലോ 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി ഷൊർണൂർ എസ്.ബി.ഐ.ക്കു സമീപത്തെ കെട്ടിടത്തിനടിയിൽ നിന്നാണ് മുസ്തഫ കഞ്ചാവുസഹിതം പിടിയിലായത്. തുടർന്ന് മുഹമ്മദ് മുസ്തഫയുടെ ബന്ധുക്കളുടെ വീടുകളിലും എക്സൈസ് സംഘം വ്യാഴാഴ്ച രാത്രി പരിശോധന നടത്തി. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഇയാൾ കഞ്ചാവു വില്പന നടത്തുന്നുണ്ടെന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം.
മുഹമ്മദ് മുസ്തഫക്കെതിരേ വടക്കാഞ്ചേരി എക്സൈസിലും ചെറുതുരുത്തി, ഷൊർണൂർ പോലീസിലും കഞ്ചാവുവില്പന നടത്തിയതിൽ കേസുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ് പറഞ്ഞു.
ഒറ്റപ്പാലം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഹമ്മദ് മുസ്തഫയെ റിമാൻഡ്ചെയ്തു. പ്രിവൻറീവ് ഓഫീസർമാരായ സി. ഷിബുകുമാർ, സ്റ്റാലിൻ സ്റ്റീഫൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.പി. അനിൽകുമാർ, ടി.പി. വനിത, ടി. പൊന്നുവാവ, ടി.എസ്. ഷജിർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.