പാലക്കാട്: ബൈക്കിൽ കറങ്ങി സ്ത്രീകളുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്ന രണ്ട് പ്രതികളെ ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തു. സിഞ്ചോ സിജി (26), മേലാമുറി, തെങ്കര. റിന്റോ മത്തായി (26), മേലാമുറി, തെങ്കര എന്നിവരെയാണ് ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒന്നാം തിയ്യതി പുതുപ്പരിയാരം വെണ്ണക്കരയിലുള്ള ഒരു റിട്ടയേർഡ് ടീച്ചർ ബാങ്കിൽ പോയി വീട്ടിലേക്ക് നടന്ന് വരുമ്പോൾ വീടിന്റെ ഗേറ്റിനു സമീപം വച്ച് പ്രതികളിൽ ഒരാൾ ടീച്ചറുടെ സമീപത്ത് വന്ന് ഒരു വിലാസം അന്വേഷിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഈ കേസിലെ പ്രതികളായ സിഞ്ചോ സജിയെ തെങ്കരയിലുള്ള വീട്ടിൽ വച്ചും, റിന്റോ മത്തായിയെ തൊടുപുഴയിലെ ഇയാളുടെ ജോലി സ്ഥലത്ത് വച്ചുമാണ് പിടികൂടിയത് . പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണം മണ്ണാർക്കാട്ടെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതികൾ കോങ്ങാട്, ശ്രീക്യഷണപുരം, കൊഴിഞ്ഞാമ്പാറ, കൽപ്പാത്തി, തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിൽ സ്ത്രീകളിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ത്രീകൾ പ്രതിരോധിച്ചതിനാൽ പ്രതികളുടെ ശ്രമം വിഫലമായി. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് സി പി ഒ നൌഷാദ്, സി പി ഒ ഗോപിനാഥൻ, സി പി ഒ രാഹുൽ എന്നിവർ ഉണ്ടായിരുന്നു.