മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാര്യാലയത്തിന്റെ വളപ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനെ ചൊല്ലി വാര്‍ഡ് അംഗം പി.രാജന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. കുഴല്‍കിണര്‍ നിര്‍മിച്ചാല്‍ സമീപത്തെ കിണറുകളിലെ ജലനിരപ്പ് കുറയുമെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നിര്‍മാണം തടസപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്റെ നേതൃത്വത്തില്‍ പഞ്ചായത്തധികൃതരും സ്ഥലത്തെത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നുലക്ഷംരൂപ ഫണ്ട് അനുവദിച്ച പദ്ധതിയാണ് കുഴല്കിണര്നിര്മാണം. ബോര്‍ഡില്‍ അംഗീകാരം നല്‍കുകയും ബന്ധപ്പെട്ടവരുടെ അനുമതി ലഭിച്ചതിനുംശേഷമാണ് നിര്‍മാണം നടത്തുന്നതെന്ന് പഞ്ചായത്ത് വ്യക്തമാക്കി. പഞ്ചായത്ത്, കൃഷിഭവന്, ആശുപത്രി തുടങ്ങി വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് കുടിവെള്ളക്ഷാമമുണ്ടെന്നും ഇതിനു പരിഹാരമായാണ് കുഴല്‍കിണര്‍ നിര്‍മിക്കുന്നതെന്നും പ്രസിഡന്റ് വിശദീകരിച്ചു. വിവരമറിഞ്ഞ് പൊലിസും സ്ഥലത്തെത്തി. ഇരുകൂട്ടരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശുദ്ധജലവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രശ്നം ചര്‍ച്ചചെയ്യാന്‍ യോഗം ചേര്‍ന്നു. പ്രദേശത്ത് ശുദ്ധജലക്ഷാമം ഉണ്ടാകുകയാണെങ്കില്‍ ടാങ്ക് വെച്ച് ശുദ്ധജലം ലഭ്യമാക്കുമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് കുഴല്‍കിണര്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് കാര്യാലയത്തിന്റെ വളപ്പില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിനെ ചൊല്ലി പ്രതിഷേധം
byഅഡ്മിൻ
-
0