മണ്ണാർക്കാട്: യുവാക്കളും, വിദ്യാർത്ഥികളും ചൈനീസ് മോതിരങ്ങൾ ഫാഷനാക്കുമ്പോൾ കൈ വിരലുകളിൽ മോതിരം കുടുങ്ങുന്നതും പതിവായിരിക്കുകയാണ്. അവസാനം ഇത് മുറിച്ച് മാറ്റാൻ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയാണ് പതിവ്. ഇങ്ങനെ എത്തുന്നവരുടെ എണ്ണം കൂടുന്നതായാണ് അഗ്നിരക്ഷാ സേന നിലയത്തിൽ നിന്ന് അറിയാൻ കഴിയുന്നത്.
നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോഴാണ് പണി കിട്ടിയത് മനസ്സിലാവുക. ഊരാൻ കഴിയില്ല. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും. പിന്നീട് ആശുപത്രികളിലും, തട്ടാൻമാരെയും സമീപിക്കും. അപ്പോഴേക്കും വിരലുകള്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ടാകും. അവിടെ നിന്നും ഇത് ഊരിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മണ്ണാർക്കാട് ഫയർ സ്റ്റേഷനെ സമീപിക്കുന്നത്
കുട്ടികളുൾപ്പെടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്നാണ് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ചൈനീസ് മോതിരങ്ങളും, വളകളും മുറിച്ചെടുത്തതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോതിരം ധരിച്ച് മണിക്കൂറുകൾക്കുള്ളിൽ വിരൽ നീരുവന്നു വീർത്ത് മോതിരം മുറിച്ചു നീക്കുന്നതിനായി നിലയത്തിൽ എത്തുന്നവരുടെ എണ്ണം കൂടുന്നു. പലർക്കും ഇത്തരം മോതിരങ്ങൾ അലർജിക് ആണ്. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു