2019 ലെ പ്രകടനം ആവർത്തിക്കാൻ യുഡിഎഫും ശക്തമായി തിരിച്ചുവരവിന് എൽഡിഎഫും കോപ്പുകൂട്ടുമ്പോൾ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് എൻഡിഎയും
ഇന്ത്യ സഖ്യമായിട്ടാണ് കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരേ പോരാട്ടമെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് - സി.പി.എം. നേർക്കുനേരാണ് മത്സരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിക്കും. ഇന്ത്യ സഖ്യത്തിന്റെ നേതൃനിരയിലുള്ള രണ്ട് നേതാക്കളാണ് ഇത്തവണ കേരളത്തിൽ നേർക്കുനേർ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എതിരാളി സി.പി.ഐ. ദേശീയ നേതാവ് ആനി രാജയാണ്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 മണ്ഡലങ്ങളിലും യു.ഡി.എഫ്. വിജയം കൊയ്തു. ആലപ്പുഴ മണ്ഡലത്തിൽ മാത്രമായിരുന്നു അന്ന് സി.പി.എമ്മിന് ജയിക്കാൻ സാധിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തിയും 2019ലെ തിരഞ്ഞെടുപ്പിലായിരുന്നു. ബി.ജെ.പി. സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ പുതിയൊരു മാറ്റം എന്നതായിരുന്നു അന്ന് കോൺഗ്രസിന്റെ പ്രചാരണം. രാഹുലിന്റെ വരവ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് ഒഴുക്കിയപ്പോൾ ശബരിമല വിഷയം എൽഡിഎഫിനെതിരായ വികാരമായും പ്രതിഫലിച്ചു. കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന പ്രചാരണവും യു.ഡി.എഫ്. ശക്തമാക്കി. ഇതോടെ രാഹുൽ തരംഗത്തിൽ കേരളത്തിലെ 19 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നിന്നു. ന്യൂനപക്ഷം ഭൂരിഭാഗവും കോൺഗ്രസിന് അനുകൂലമായി വിധിയെഴുതി. കേന്ദ്രത്തിൽ സി.പി.എമ്മിന് കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്ന കോൺഗ്രസ് പ്രചാരണം യു.ഡി.എഫിനെ തുണച്ചു.
ശക്തമായ സ്ഥാനാർഥികളെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയായിരുന്നു 2019ൽ ലഭിച്ചത്. ഇത്തവണയും രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ 2019ലെ സാഹചര്യമല്ല സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇത്തവണ ശക്തമായ മുന്നേറ്റം തന്നെ നടത്താൻ സാധിക്കുമെന്നാണ് സിപിഎം കരുതുന്നത്.
സി.എ.എ., ബി.ജെ.പിക്കെതിരേയുള്ള പ്രചാരണങ്ങൾ തന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് പ്രധാനമായും ചർച്ചയാകുന്നത്. കോൺഗ്രസിന് ഒരുപടി മുമ്പേ എന്നോണം കേരളത്തിൽ സി.എ.എ. നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസും സി.എ.എയ്ക്കെതിരേ ശക്തമായി രംഗത്തുണ്ട്. സ്ഥാനാർഥികൾ പ്രചാരണത്തിൽ സി.എ.എ. പ്രധാനമായും ഉന്നയിക്കുന്നതോടൊപ്പം തന്നെ സി.എ.എയ്ക്കെതിരേയുള്ള കൂറ്റൻ റാലികളും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നതും ശ്രദ്ധേയാണ്. 2019-ലേതു പോലെയൊരു രാഹുൽ ഗാന്ധി തരംഗം ഇത്തവണയില്ലെന്ന് സിപിഎം വിലയിരുത്തുന്നു.
ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രണ്ടക്കം കേരളത്തിൽ നിന്ന് ഉണ്ടാകും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. തൃശ്ശൂരും, തിരുവനന്തപുരവുമായിരുന്നു ബി.ജെ.പി. നോട്ടമിട്ടിരിക്കുന്നത്. ബി.ജെ.പിയുടെ സാധ്യതാ സീറ്റുകളിൽ മുഖ്യമായ ഒന്നായിരുന്നു തിരുവനന്തപുരം. എന്നാൽ ഇപ്പോൾ ആ മുൻഗണന മാറി തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരും ബി.ജെ.പി. എടുക്കും എന്ന തരത്തിലേക്ക് അവർ മാറിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പേ തന്നെ പ്രധാനമന്ത്രി തൃശ്ശൂരിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതും തൃശ്ശൂരിൽ ശക്തമായൊരു പോരാട്ടം കാഴ്ചവെക്കാൻ വേണ്ടിയായിരുന്നു.
യു.ഡി.എഫും സി.പി.എമ്മും ബി.ജെ.പിയും തങ്ങളുടെ സ്ഥാനാർഥികളെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശക്തമായ സ്ഥാനാർഥികൾ തന്നെയാണ് ഓരോ മണ്ഡലങ്ങളിലും നേർക്കുനേരെത്തുന്നത്. 2019-ലെ തിരിച്ചടിക്ക് പകരം വീട്ടാൻ വേണ്ടി സംസ്ഥാനത്ത് സിപിഎം മത്സരിക്കുമ്പോൾ തൂത്തുവാരിയ 2019 ലെ പ്രകടനം ആവർത്തിക്കാൻ രാഹുൽ ഗാന്ധിയേയും കെ.സി. വേണുഗോപാലിനെ അടക്കം സംസ്ഥാനത്തിൽ ഇറക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് നിന്ന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊപ്പം തന്നെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വോട്ട് വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യവും ബി.ജെ.പി, നേതൃത്വത്തിന് മുന്നിലുണ്ട്.