മണ്ണാർക്കാട്: നഗരസഭാ ബസ്‌സ്റ്റാൻഡിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ശൗചാലയം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതലാണ് ശൗചാലയം അടച്ചത്. ഇതുസംബന്ധിച്ച നോട്ടീസും വഴിയിടം എന്നപേരിലുള്ള ശൗചാലക്കെട്ടിടത്തിന്റെ ചുമരിൽ പതിച്ചിട്ടുണ്ട്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ്‌സ്റ്റാൻഡിൽ ശൗചാലയം അടച്ചിട്ടത് ആളുകളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. പ്രത്യേകിച്ചും ദീർഘദൂരയാത്രക്കാരെ. പരിസരത്തൊന്നും മറ്റു ശൗചാലയങ്ങളില്ല. ഹോട്ടലുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായാണ് വഴിയിടം അടച്ചിട്ടതെന്ന് നോട്ടീസിലുണ്ടെങ്കിലും ഇത്രയും ദിവസമായിട്ടും പ്രവൃത്തികൾ തുടങ്ങിയിട്ടുമില്ല.
ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കോടതിപ്പടി ഇറക്കത്തിലുള്ള നഗരസഭയുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തേണ്ട അവസ്ഥയാണുള്ളത്.
ടാങ്കിലെ മാലിന്യം ഉടൻ നീക്കംചെയ്ത് അടുത്തദിവസംതന്നെ കെട്ടിടം തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അറിയിച്ചു. മറ്റു പണികൾക്കായി പദ്ധതിവെച്ചിട്ടുണ്ടെന്നും പ്രവൃത്തികൾ നടത്തുമെന്നും ചെയർമാൻ അറിയിച്ചു.